ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം തകർത്ത് ബിഎസ്എഫ്. വൻ ഐഇഡി ശേഖരം പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ നിന്നായിരുന്നു സ്‌ഫോടക ശേഖരം കണ്ടെടുത്തത്.
ഭദ്പുര ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി ബിഎസ്എഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ബിഎസ്എഫ്. പരിശോധനയ്ക്കിടെ ഹന്ദ്വാര-നവ്ഗാവ് സംസ്ഥാന പാതയ്ക്ക് സമീപത്ത് നിന്നാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്.
പ്രദേശവാസികളെ അപായപ്പെടുത്താൻ ലക്ഷ്യമിട്ട് ഭീകരർ സ്ഥാപിച്ചതാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഭീകരർക്കായി പരിശോധന ആരംഭിച്ചു. ഐഇഡി ബോംബ് സ്‌ക്വാഡ് എത്തി നിർവ്വീര്യമാക്കിയിട്ടുണ്ട്.












