കോട്ടയം: ജില്ലയിൽ വീണ്ടും ഭൂമിയ്ക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വീണ്ടും മുഴക്കം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് വലിയ ആശങ്കയിലാണ് പ്രദേശവാസികൾ.
കറുകച്ചാൽ, നെടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻകുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലായിരുന്നു സംഭവം ഉണ്ടായത്. ഭൂമിയിൽ നിന്നും മുഴക്കം കേട്ടതിന് പുറമേ കാലുകളിൽ തരിപ്പ് അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. ഇതിന് പുറമേ ജനാലകളും വീട്ടു സാധനങ്ങളും കുലുങ്ങി.
ഭൂചലനം ആണെന്നായിരുന്നു ആദ്യം നാട്ടുകാർ വിചാരിച്ചത്. ഇതേ തുടർന്ന് പലരും വീടുകളിൽ നിന്നും പുറത്തേക്ക് ഓടി. നിമിഷങ്ങളോളം പ്രദേശത്ത് ഈ സ്ഥിതി തുടർന്നുവെന്നാണ് വിവരം.
നേരത്തെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും സമാനമായ രീതിയിൽ ഭൂമിയ്ക്കടിയിൽ നിന്നും മുഴക്കം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം. ഇതിന് പിന്നാലെ സ്ഥലത്ത് ജിയോളജി വകുപ്പിലെ വിദഗ്ധർ ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു.
Discussion about this post