ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽകോഡ് അധികം വൈകാതെ തന്നെ നടപ്പാക്കുമെന്നതിന്റെ സൂചനകൾ നൽകി ലോ കമ്മീഷൻ. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് ദേശീയ നിയമ കമ്മീഷൻ. മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാണ് നിർദ്ദേശമുള്ളത്. ജനങ്ങൾക്കും മതസംഘടനകൾക്കും നിലപാട് അറിയിക്കാനും കഴിയും.വിഷയം നേരത്തെ കേന്ദ്ര സർക്കാർ നിയമ കമ്മീഷന് വിട്ടിരുന്നു.
നരേന്ദ്രമോദി സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ് ഏകീകൃത സിവിൽകോഡ് രാജ്യത്ത് നടപ്പാക്കുകയെന്നത്. ഇന്ത്യയിലെ പൗരന്മാരുടെ മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നിർദ്ദേശമാണ് ഏകീകൃത സിവിൽ കോഡ്.വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയ്ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഒരു നിയമമാണ് ഏകീകൃത സിവിൽ കോഡിലൂടെ ഉദ്ദേശിക്കുന്നത്.
നിലവിൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡുള്ള ഏക സംസ്ഥാനം ഗോവയാണ്. കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം ആയിരത്തോളം വ്യക്തിനിയമങ്ങളാണ് രാജ്യത്തുള്ളത്.ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമിച്ചത്. അസം, ഹിമാചൽ പ്രദേശ് സർക്കാരുകളും ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.










