പ്രഭാസ് നായകനാകുന്ന പുരാണ ചിത്രമായ ‘ആദിപുരുഷിന്’ ആശംസകൾ നേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഏറെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന ഈ ചിത്രത്തിന് ഭഗവാൻ ശ്രീരാമന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു. സംവിധായകനും നിർമ്മാതാക്കൾക്കും ചിത്രത്തിലൂടെ വൻ വിജയം ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
നാളെയാണ് ചിത്രം ആഗോളതലത്തിൽ എല്ലാ തീയേറ്ററുകളിലും റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം തിരുപ്പതിയിൽ നടന്ന ചടങ്ങിൽ ആദിപുരുഷിന്റെ അവസാന ട്രെയിലറും പുറത്തിറക്കിയിരുന്നു. വാത്മീകി രാമായണത്തെ അടിസ്ഥാനമാക്കിയാണ് ആദിപുരുഷ് നിർമ്മിച്ചിരിക്കുന്നത്.
ഓം റൗട്ട് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 500 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ആദിപുരുഷ് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ്. ഭഗവാൻ രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും ജാനകിയായി കൃതി സനോണുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നാളെ നാല് മണി മുതലാണ് ചിത്രത്തിന്റെ പ്രത്യേക ഷോ ആരംഭിക്കുന്നത്.










