തിരുവനന്തപുരം : ലോക രക്തദാന ദിനത്തിൽ രക്തദാതാക്കളെയും രക്തദാന അസോസിയേഷനുകളെയും ആദരിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. ‘സിന്ദഗി’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരത്തെ രക്തദാതാക്കളെയും രക്തദാനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിവിധ അസോസിയേഷനുകളെയും ആദരിച്ചു. തിരുവനന്തപുരം ശംഖുംമുഖം സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ പൃഥ്വിരാജ് ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. രക്തദാനത്തിലൂടെ ജീവൻ പകർന്നുനൽകുന്ന വലിയ കർത്തവ്യമാണ് രക്തദാതാക്കൾ നിർവ്വഹിക്കുന്നതെന്നും എല്ലാവരും രക്തദാതാക്കളായി സ്വയം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
രക്തം ദാനം ചെയ്യുന്നത് കർത്തവ്യമായി മാറണമെന്നും സാഹോദര്യവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന പുതിയൊരു സമൂഹമായി നാം മുന്നോട്ട് കുതിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പാരമ്പര്യമായ ആരോഗ്യസംസ്‌കാരത്തെ ആധുനികതയിലേക്ക് നയിക്കുന്നതിൽ കിംസ്ഹെൽത്തിന് കൃത്യമായ പങ്കുണ്ടെന്നും ഇത്തരം പരിപാടികൾ സമൂഹത്തെ ബോധവൽക്കരിക്കാനും പരിവർത്തിക്കാനും മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിംസ്ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം നജീബ് ചടങ്ങിൽ അദ്ധ്യക്ഷനായി. രക്തത്തിനായി ആളുകൾ പരക്കംപാഞ്ഞിരുന്ന ഒരു സാഹചര്യത്തെ കൃത്യമായ ബോധവൽക്കരണത്തോടെ നമുക്ക് മാറ്റിയെടുക്കാനായെന്നും ഇന്ന് സന്നദ്ധരായി രക്തം ദാനം ചെയ്യാൻ ആളുകൾ മുന്നിട്ടിറങ്ങുകയും ആശുപത്രികളിലെ രക്തദാന വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്തദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു സമൂഹത്തിന് ഒട്ടേറെ ആളുകളുടെ ജീവൻ രക്ഷിക്കാനാകുമെന്നും രക്താദത്തിനായി മുന്നിട്ടുറങ്ങുന്നവരെയും അസോസിയേഷനുകളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.എസ്.എസ്.സി റിട്ട. ഡെപ്യൂട്ടി ഡയറക്ടറും കെ.ഇ.ബി.എസ് ജില്ലാ പ്രസിഡന്റുമായ ഡോ. കോശി എം ജോർജ്ജ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഗ്രൂപ്പ് മെഡിക്കൽ ഓഫീസറും കൺസൾട്ടന്റുമായ ഡോ. സനൂജ പിങ്കി സ്വാഗതവും നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ഹോസ്പിറ്റൽ ട്രാൻസ്ഫ്യൂഷൻ കമ്മിറ്റി ചെയർമാനുമായ ഡോ. സതീഷ് .ബി, നന്ദിയും അറിയിച്ചു.












