അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്.കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇരുപത്തിരണ്ട് പേർക്ക് പരിക്കേറ്റു. 23 മൃഗങ്ങൾ ചത്തു, തീരമേഖലയിൽ 500ഓളം മരങ്ങൾ കടപുഴകി. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകൾ തകർന്നു. 940 ഗ്രാമങ്ങളിൽ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതായും ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡ്യ പറഞ്ഞു. പലയിടത്തും വീടുകൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 25 സെന്റിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ബിപോർജോയ് ചുഴലിക്കാറ്റിൻറെ കേന്ദ്രസ്ഥാനത്തിന് 50 കിലോമീറ്റർ വ്യാസമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ഗാന്ധിനഗറിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിൻറെ അധ്യക്ഷതയിൽ സുരക്ഷ വിലയിരുത്താൻ യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂപേന്ദ്രപട്ടേലുമായി ഫോണിൽ സംസാരിച്ചു. മുൻകരുതൽ നടപടികൾ ഉൾപ്പെടെ ഉള്ളവ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ബിപോർജോയ് തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ രാജസ്ഥാനിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുൻകരുതൽ നടപടികളുടെ ഭാഗമായി എൻഡിആർഎഫിന്റെ 18 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ 12 സംഘത്തേയും സംസ്ഥാന ഗതാഗത റോഡ് വകുപ്പിന്റെ 115 സംഘത്തെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 പേരെയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.
Discussion about this post