ഇടുക്കി: നടൻ പൂജപ്പുര രവി (എം. രവീന്ദ്രൻ നായർ) അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. മലയാള സിനിമയിലെ മുതിർന്ന അഭിനേതാക്കളിൽ ഒരാളാണ് പൂജപ്പുര രവി.
മറയൂരിലെ മകളുടെ വീട്ടിൽവച്ചായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു പൂജപ്പുര രവി മകളുടെ വീട്ടിലേക്ക് താമസം മാറിയത്.
നാടകങ്ങളിലൂടെയായിരുന്നു പൂജപ്പുര രവി അഭിനയ ജീവിതത്തിലേക്ക് കടന്ന് വന്നത്. നിരവധി നാടകങ്ങളിൽ അദ്ദേഹം വേഷമിട്ടു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കെ ആയിരുന്നു അദ്ദേഹം പേരിനൊപ്പം ജന്മദേശത്തിന്റെ നാമം കൂടി ചേർത്ത് പൂജപ്പുര രവിയെന്ന് ആക്കിയത്.
1970 കളുടെ മദ്ധ്യത്തിലാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. അമ്മിണി അമ്മാവൻ ആണ് ആദ്യ ചിത്രം. ഹാസ്യ കഥാപാത്രങ്ങളാണ് അദ്ദേഹം കൂടുതൽ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് പുറമേ നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ ഗപ്പിയാണ് പൂജപ്പുര രവി അവസാനമായി അഭിനയിച്ച ചിത്രം.
Discussion about this post