തിരുവനന്തപുരം: നടൻ പൂജപ്പുര രവിയുടെ മരണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. സ്വാഭാവിക അഭിനയം കൊണ്ട് പല തലമുറകളിലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടൻ ആയിരുന്നു പൂജപ്പുര രവിയെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി എനിക്കുണ്ടായിരുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി. അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു അദ്ദേഹം. നാലായിരത്തോളം നാടകങ്ങളിലൂടെ, എണ്ണൂറിൽപ്പരം സിനിമകളിലൂടെ, ലക്ഷക്കണക്കിന് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രതിഭ. മലയാളം എന്നെന്നും ഓർക്കുന്ന ഒട്ടനവധി സിനിമകളിൽ അദ്ദേഹത്തോടെപ്പം അഭിനയിക്കാൻ സാധിച്ചു. രവിച്ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു പൂജപ്പുര രവി അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിലുള്ള മകളുടെ വീട്ടിൽ ആയിരുന്നു അന്ത്യം.
Discussion about this post