വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി വാഷിംഗ്ടണിൽ ഇന്ത്യൻ-അമേരിക്കൻ വംശജർ യൂണിറ്റി മാർച്ച് നടത്തി. അമേരിക്കയിലെ 20 പ്രധാന നഗരങ്ങളിൽ നിന്നുള്ളവരാണ് മാർച്ചിൽ പങ്കെടുത്തത്. അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, പ്രവാസി പ്രമുഖന്മാർ തുടങ്ങിയവരും മാർച്ചിന്റെ ഭാഗമായി. ഏഴ് ലക്ഷത്തിലധികം ആളുകളാണ് ഇതിൽ പങ്കെടുത്തത്.
മോദി മോദി, വന്ദേമാതരം, വന്ദേ അമേരിക്ക എന്ന് തുടങ്ങീ പ്രധാനമന്ത്രിയേയും ഇന്ത്യയേയും പ്രകീർത്തിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് മാർച്ചിലുടനീളം മുഴങ്ങിക്കേട്ടത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തങ്ങളെല്ലാവരും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ വളരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മാർച്ചിൽ പങ്കെടുത്ത ഇന്ത്യൻ-അമേരിക്കൻ പ്രവാസി രമേഷ് അനം റെഡ്ഡി പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം വലിയൊരു ആഘോഷമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. നാളെ ആരംഭിക്കുന്ന യുഎസ് സന്ദർശനം 24ാം തിയതി വരെ നീളും. 22ാം തിയതി പ്രധാനമന്ത്രിക്കായി വൈറ്റ് ഹൗസിൽ അത്താഴവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. യുഎസ് കോൺഗ്രസിനേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.








