ആദിപുരുഷ് കണ്ടു. സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. അധികം വായിക്കാൻ താൽപ്പര്യമില്ലാത്തവരോട് ആദ്യമേ പറയാം. വീട്ടിലും മനസ്സിലുമുള്ള കുട്ടികളോടൊപ്പം പോയി തീയറ്ററിൽ തന്നെ സിനിമ കാണുക.
ഇനി വല്യ വായന ഇഷ്ടമുള്ളവർക്ക് തുടരാം.
ആ സിനിമ രാമായണമല്ല. ആദിപുരുഷ് സിനിമയിലെ നായകൻ രാമനുമല്ല. ഏറിയോ കുറഞ്ഞോ ഭഗവാൻ ശ്രീരാമചന്ദ്രനേക്കാൾ മിഴിവ് ഈ സിനിമയിൽ ഹനുമാൻ സ്വാമിയുടെ കഥാപാത്രസൃഷ്ടിയിലുണ്ട്.
സിനിമ കണ്ടു കഴിഞ്ഞപ്പോൾ എൻ്റെ ഒരു പഴയ അന്ധവിശ്വാസമാണ് തകർന്ന് വീണത്. ഒരു നാലഞ്ച് വയസ്സ് മുതൽ ഞാൻ തലയിലേറ്റിയ അന്ധവിശ്വാസം.
ഇതിഹാസകഥകൾ മനസ്സിലേക്കേറിയത് അപ്പുപ്പനും അമ്മൂമ്മയിലും നിന്നാണ്. കഥകളിപ്രീയരായ അവർ പറഞ്ഞുതന്ന കഥകൾ കിരാതം മുതൽ നിവാത കവച കാലകേയ വധം വരെയുള്ളതും. അർജ്ജുനനും ഭീമനും ശ്രീകൃഷ്ണനും മനസ്സിൽ നിറഞ്ഞാടിയ സമയം.കഥാപാത്രസൃഷ്ടിയ്ക്കായി രാമായണത്തിൽ അത്രയ്ക്കൊന്നും കാമ്പില്ല എന്ന് അന്നെപ്പോഴോ തലയിൽക്കയറിക്കൂടിയ ഒരു അന്ധവിശ്വാസമായിരുന്നു. “ഹന്ത ദൈവമേ ഞാൻ എന്തൂ കേട്ടിതൂ” എന്ന് മാലിയുടെ കർണ്ണൻ പോലും നിറഞ്ഞാടുമ്പോൾ അംഗദനും സുഗ്രീവനുമൊക്കെ വെറും വാനരരെന്ന് കരുതി.
രാമായണമെന്ന ഇതിഹാസത്തിൻ്റെ രംഗപടം എത്ര പെരിയതാണെന്ന് മനസ്സിലായത് ആദിപുരുഷ് കണ്ടപ്പോഴാണ്. അയോദ്ധ്യ മുതൽ ലങ്കവരെയുള്ള അതിബൃഹത്തായ ഭൗമരാഷ്ട്രീയവും ജീവിതവും എങ്ങനെ വരച്ചുൾക്കൊള്ളിക്കാനാകുമെന്ന് അത്ഭുതപ്പെട്ട് പോയ ചിന്തകൾ ആ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ മനസ്സിൽ നിറഞ്ഞു നിന്നു. മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രൻ എന്ന ഒരു വിഗ്രഹം എങ്ങനെയാണ് ഒരു ജനതയുടെ, ഈ ജനഗണപരമ്പരയുടെ യുങ്ങിയൻ ആർകിടൈപ്പ് ആയതെന്നും ആ വിഗ്രഹത്തിൻ്റെ, നായകത്വത്തിൻ്റെ വീണ്ടെടുപ്പിലൂടെ എങ്ങനെയാണ് ആ ജനത മുഴുവൻ തങ്ങളുടെ ഉള്ളിലുള്ള മര്യാദാപുരുഷോത്തമരെ പ്രചോദിപ്പിക്കുന്നതെന്നും ഈ സിനിമ ഓർമ്മിപ്പിച്ചു.
ഒന്നാലോചിക്കണം, ഈ ധർമ്മ സംസ്ഥാപനത്തേയും ജീവിതമാതൃകയേയും ഒക്കെപ്പറ്റിയാലോചിക്കുന്ന മനുഷ്യർ, അത് ശിരസ്സിലേറ്റി സർവം ത്യജിച്ച് ജീവിച്ച മര്യാദാപുരുഷോത്തമൻ, അതിനെപ്പറ്റി ഇരുപത്തിനാലായിരം ശ്ലോകങ്ങളായെഴുതിയവർ ജീവിച്ചിരുന്നത് ഏറ്റവും കുറഞ്ഞത് അയ്യായിരം കൊല്ലമെങ്കിലും മുൻപാണ്.
സത്യം പറഞ്ഞാൽ ഈ സിനിമ നല്ലതാവുന്നത് ഇത് അത്രയ്ക്കൊന്നും ഗഹനമായി… വലുതായി ഒന്നും പറയുന്നില്ല എന്നതുകൊണ്ടാണ്.
നിർമ്മാണം ഈ സിനിമ, ആദിപുരുഷ് നിർമ്മിച്ചിരിക്കുന്നത് പുതിയവർക്കായാണ്. കുട്ടികൾക്കായാണ്. ഒരു കഥകളിയിലെ തത്വജ്ഞാനമൊക്കെ ഇതിലുമുണ്ട്. അതിലുപരിയായി ഒന്നുമില്ല താനും. രാമകഥ യൂറ്റ്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന കുട്ടികളുടെ കാർട്ടൂൺ പോലെ പറഞ്ഞ് പോകുന്നുവെന്നതാണ് ഇതിലെ വിജയം. അധികം ചിന്തിക്കണ്ട.
ദേ ഒരു നായകൻ, ദേ ഒരു വില്ലൻ. കഴിഞ്ഞു.
രംഗപടം
ടിയാൻ എന്നൊരു മുരളിഗോപി ചിത്രമുണ്ട്. ആ ചിത്രത്തിൻ്റെ ഏറ്റവും വലിയ പരാജയം ലാർജർ ദാൻ ലൈഫ് മനുഷ്യരെ വളരെ ചെറിയ കാൻവാസിൽ ഒതുക്കിക്കളഞ്ഞു എന്നതാണ്. വലിയ കാര്യം അതിൻ്റെ ഗരിമയിൽ പറയുന്ന ഒരു ഇതിഹാസസമാനമായ തിരക്കഥയെ ഒരുമാതിരി തെരുവുനാടകം പോലെയാക്കിക്കളഞ്ഞു. ഈ സിനിമ അതിൻ്റെ വിപരീതമാണ്. ഇതിൻ്റെ രംഗപടം അതിബൃഹത്താണ്. അതിഭയങ്കരമാണ്.
പക്ഷേ അതിൻ്റെ ഒരു കുഴപ്പമുണ്ട്. ലങ്കയുൾപ്പെട്ട ഭാരതത്തിന് അതിൻ്റേതായ ചില അഴകളവുകളും ശിൽപ്പരീതികളും നിർമ്മാണശൈലികളുമുണ്ട്. നമ്മുടെ ഏറ്റവും പഴയ നിർമ്മിതികൾക്കുൾപ്പെടെ ആ ശൈലിയുടെ നൈരന്തര്യം നമുക്ക് കണ്ടെടുക്കാനാവും. പക്ഷേ ഇതിൽ അനിമേഷൻ ചെയ്യുന്ന സോഫ്റ്റ്‌വെയർ ഉണ്ടാക്കിയ സായിപ്പ് അതിനുള്ളിൽ സ്റ്റോക് ഫോട്ടോസായും സ്റ്റോക് നിർമ്മിതികളായും മറ്റും ചുമ്മാതെ കൊടുത്തത് കൊണ്ടാണോ എന്നറിയില്ല, ഇതിൽ കാട്ടിയിരിക്കുന്ന നിർമ്മിതികളെല്ലാം ഗോഥ്, ഗ്രീക് റോമൻ രീതിയിലാണ്. പഴയകാല സോവിയറ്റ് ആർകിടെക്ചറെന്ന് തോന്നിക്കുന്ന ചില നിർമ്മിതികളും കണ്ടു. ലങ്കയല്ല അത് ഗോഥം സിറ്റിയല്ലേ എന്ന് എവിടെയോ മതിഭ്രമിച്ചു.
അയോദ്ധ്യ മുതൽ രാമേശ്വരം വരെയുള്ള മനോഹരമായ മഴക്കാടുകൾ ഏതോ യൂറോപ്യൻ രാജ്യത്തെയോ അമേരിക്കയിലേയോ ബ്രോഡ്_ലീഫ് കാടുകൾ പോലെ തോന്നി. എന്തിന് അശോകവനം കാട്ടിയപ്പോൾ നിറയേ പൂത്ത് നിൽക്കുന്ന ചെറിമരങ്ങളായിരുന്നു (ചെറീ ബ്ളോസം) ഉണ്ടായിരുന്നത്
രാവണൻ നെറ്റിയിലെ ആ മൂന്ന് വരയൊന്ന് മായ്ച്ചാൽ പുള്ളിയെ ആർതർ എന്നോ സീസറെന്നോ അലക്‌സാണ്ടറെന്നോ വിളിച്ചാൽ തെറ്റിപ്പോകില്ല. രാവണൻ്റെ വവ്വാലിനെ ഹാരീ പോട്ടറിൽ നിന്ന് ഇറക്കുമതി ചെയ്തതെന്ന് തോന്നി. രാവണൻ്റെ ഭടന്മാരായി ഷെർകിനെ ക്ളോൺ ചെയ്തതെന്ന് തോന്നിക്കുന്ന ആളുകളായിരുന്നു ഉണ്ടായിരുന്നത്. (പാവം എൻ്റെ ഷെർക്) മൊത്തത്തിൽ പറഞ്ഞാൽ പ്ളാനറ്റ് ഓഫ് ഏപ്സ്, ഹാരിപോട്ടർ, ലോർഡ് ഓഫ് റിംഗ്സ് ഹക് മാർവൽ തുടങ്ങി ഡിസ്നിയുടെ മൊണാന വരെ അടിച്ച് മാറ്റിയ അനിമേഷനും കാരക്ടർ സ്കെചുകളുമാണ് ഇതിലുണ്ടയിരുന്നത്. അനിമേഷൻ ചെയ്യാൻ കാശുവാങ്ങിയവൻ പണിയെടുത്തിട്ടില്ല കോപ്പിപ്പേസ്റ്റ് ചെയ്യുകയായിരുന്നു എന്ന് സാരം.
പക്ഷേ അതിൽ കുഴപ്പമൊന്നുമില്ല. നമ്മൾ ആ രസത്തിലങ്ങ് കണ്ടിരുന്നാൽ നല്ല രസമുള്ള അനിമേഷനും മറ്റുമാണ്. കൈയ്യിൽ ഒരു ടൂൾ- സോഫ്റ്റ്വെയർ കിട്ടി എന്നതുകൊണ്ട് എല്ലാ സീനിലും അതിട്ട് ആറാടരുതെന്ന് ബോളിവുഡിനെ ആരെങ്കിലുമൊന്ന് പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ട് എന്ന് മാത്രം.
അനിമേഷനിൽ ഒരു കൗതുകം തോന്നിയത് ലക്ഷ്മണ രേഖയിലെ അദൃശ്യരക്ഷയ്ക്ക് സ്വസ്തികയുടെ അനിമേഷൻ നൽകിയതാണ്. ഹിറ്റ്ലറുടെ പിരിയൻ കുരിശിനെ (hakenkreuz) സ്വസ്തികയാക്കി ഹിന്ദുവിനെ പ്രതിരോധത്തിലാക്കിയ ബ്രിട്ടീഷ് കുബുദ്ധിക്ക് പ്രതിരോധ ആഖ്യാനങ്ങൾ ഉയരുന്ന സമയത്ത് തന്നെ ഒരു അന്തർദേശീയ സ്ക്രീനിൽ സ്വസ്തിക രക്ഷയാകുന്നത് വളരെ നല്ലൊരു കാഴ്ചയായി.
കഥാപാത്രങ്ങൾ
രാമനായി അഭിനയിച്ച പ്രഭാസിനും ലക്ഷ്മണനായി വന്ന സണ്ണി സിംഗിനും പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ലായിരുന്നു. വെറുതേ നിന്നുകൊടുത്താൽ മതി. അനിമേഷൻ വേണ്ടതെല്ലാം ചെയ്തുകൊള്ളും. എന്നാലും ലക്ഷ്മണൻ്റെ ഭാഗം ഒന്ന് പ്രത്യേകം പറയണം. ഇതിലെ ഏറ്റവും കല്ലുകടിയും അത് തന്നെ. പുള്ളിക്ക് ഇതൊന്നും പൊതുവേ അത്ര ഇഷ്ടമായില്ല എന്നൊരു മുഖഭാവത്തോടെയാണ് സിനിമയിൽ മുഴുവൻ പ്രത്യക്ഷപ്പെടുന്നത്. സീതയോട് എന്തോ മുൻ വൈരാഗ്യമുള്ളതുപോലെയുള്ള ഒരു പ്രകടനവും ആയിരുന്നു ആദ്യ സീൻ മുതൽ. സണ്ണി സിംഗിന് നിർമ്മാതാവ് കാശ് കൊടുക്കില്ല എന്നോ മറ്റോ പറഞ്ഞോ ആവോ? അതോ സീതയായി വന്ന പെങ്കൊച്ച് ഇയാളെ ചീത്ത പറഞ്ഞോ? ഹിന്ദി വിവർത്തനത്തിൻ്റേതാണോ എന്നറിയില്ല, സീതാമാതാവിനെ ലക്ഷ്മണൻ ‘തും’ (നീ) എന്ന് സംബോധന ചെയ്യുന്നതും കണ്ടു ഒരു സീനിൽ.
ഹനുമാനായി വന്ന ദേവദത്ത നാഗേ തന്നെക്കൊണ്ടാവും വിധം നന്നായി ആ കഥാപാത്രത്തെ അവതരിപ്പിച്ചു. സീതയായി വന്ന കീർത്തി സനോനും നിരാശപ്പെടുത്തിയില്ല. പക്ഷേ എല്ലാം വാർപ്പ്മാതൃകാപരമായ അഭിനയമായിരുന്നു. അവരായി ഒന്നും മനോധർമ്മം ചെയ്തിട്ടില്ല. അതുകൊണ്ട് നന്നായെന്നോ മോശമായെന്നോ പറയാനൊന്നുമില്ല.
രാവണൻ
രാവണൻ രസമായി എന്ന് പറയാതെ വയ്യ. കലശലായ നടുവേദന ബാധിച്ച പോലെയുള്ള നടത്ത ഒഴിവാക്കിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. അതൊഴിച്ചാൽ സൈഫ് അലിഖാൻ തനിക്ക് കിട്ടിയ ഭാഗം നന്നായി അവതരിപ്പിച്ചു. പുള്ളിയുടെ മെയിൻ തല തകർത്തഭിനയിക്കുമ്പോഴും ചില തലകൾ ഒരു വികാരവുമില്ലാതെ ഇരിക്കുന്നത് അനിമേഷൻ ടീമുകൾ ശ്രദ്ധിച്ചില്ല എന്നതൊഴിച്ചാൽ പുള്ളി കളറാക്കി. വവ്വാലിന് തീറ്റകൊടുക്കുന്നതൊക്കെ മുതലക്ക് തീറ്റകൊടുക്കുന്ന ജോസ് പ്രകാശ് മുതൽ ഹാരീ പോട്ടറിൽ നിന്ന് വരെ അടിച്ച് മാറ്റിയതാണെങ്കിലും നല്ല വൈബ് ഉണ്ടാരുന്നു. അർക്കപ്രശം എഴുതിയ രാവണൻ മദ്യം രുചിക്കുന്നത് കാട്ടിയതും ഉചിതമായി.
ശബരിയമ്മ
ഈ സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ രംഗം ശബരിയമ്മയുടേതാണ്. ഇത് വായിക്കുന്നവരെല്ലാം സിനിമ കാണണം എന്നുള്ളത് കൊണ്ട് അധികം പറഞ്ഞ് അതിൻ്റെ രസം കളയുന്നില്ല.
ഇത്രയൊക്കെ കുറ്റം പറഞ്ഞിട്ട് സിനിമ കാണണമെന്നാണോ?
ഈ സിനിമ കാണണം. കുറ്റം പറഞ്ഞത് ദൃശ്യമികവിനേയോ കാണുന്നതിലെ രസത്തേയോ ബാധിക്കുന്നതേയില്ല. ഏയ് ഈ കാട് കണ്ടിട്ട് സഹ്യാദ്രി പോലെയില്ലല്ലോ ഇത് ടേമ്പറേച്ചർ സോണിലെ കാടുകൾ പോലെയുണ്ടല്ലോ എന്നൊന്നും വിചാരിച്ച് ഈ സിനിമ കാണാൻ പോകരുത്. അതിനായി പ്ളാനറ്റ് എർതോ, ഡെവിഡ് ആറ്റൻബറൊ ഡോക്യുമെൻ്ററിയോ കണ്ടോളുക.
ഇത് ഒരു രസം. ബാറ്റ്മാൻ, സ്പൈഡർമാൻ, മാർവൽ കോമിക്സ് പോലെ കാണാൻ കഴിയുന്ന സിനിമ. കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടും എന്നതുകൊണ്ട് നിങ്ങളുടേ കുട്ടികളേയും നിങ്ങളുടെ മനസ്സിലുള്ള കുട്ടിയേയും കൂട്ടി ഈ സിനിമ കാണാൻ പോവുക. ആദികാവ്യം എത്ര പറഞ്ഞാലും തീരാത്തത്ര ബൃഹത്താണല്ലോ എന്ന് അത്ഭുതപ്പെടുക. ഈ മൂന്ന് മണിക്കൂർ കൊണ്ട് രാവണനെന്ന ഒരൊറ്റ കഥാപാത്രത്തിൻ്റെ പോലും പാത്രസൃഷ്ടി മുഴുവനാക്കിക്കാണിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് അത്ഭുതപ്പെടുത്തുന്ന ആ മഹാകാവ്യത്തെ പ്രേമമോടെ പഠിക്കാൻ ശ്രമിക്കുക.
ഇറങ്ങിക്കഴിഞ്ഞപ്പോൾ എന്നോടൊപ്പം വന്ന ഡുണ്ടു പറഞ്ഞു.
അങ്കളേ, ഈ സ്പൈഡർമാൻ, സൂപ്പർമാൻ ഒക്കെ ഹനുമാൻ്റെ അടുത്ത് തോറ്റു പോം ല്ലേ?
ഡുൻടൂന് ഹനുമാനെ ഇഷ്ടപ്പെട്ടോ?
ഹനുമാൻ സൂപ്പർ ഹീറോയാ അങ്കളേ. സൂപ്പറാ…
നാളെയൊരുകാലത്ത് ഭാഗ്യമുണ്ടെങ്കിൽ ഹനുമദ് തത്വം ആ കുഞ്ഞിൻ്റെ മനസ്സിൽ തുയിലുണർത്തപ്പെടാൻ പാകത്തിനൊരു പ്രേമഭാവം ഇന്നേ ബീജമായെങ്കിൽ അത് നല്ലതല്ലേ? ക്രിസ്റ്റഫർ നോളൻ ബാറ്റ്മാനേയും സൂപ്പർമാനേയുമൊക്കെ താത്വികിക്കാൻ നോക്കിയിടുണ്ടെങ്കിലും നോളൻ മുക്കിയാൽ വാചോവ്സ്കി സഹോദരരാവില്ലല്ലോ. നിയോയോടൊപ്പം മോർഫിയസിനോടൊപ്പം രാമനാമമായ ഹനുമാനും അവളുടെയുള്ളിൽ വളരട്ടെ. ഇതിഹാസസൃഷ്ടികൾ അതിനല്ലാതെ മറ്റെന്തിനാണ്?
Discussion about this post