കായംകുളം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസിന്റെ മുഴുവൻ സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ സർവ്വകലാശാല രജിസ്ട്രാർക്ക് നിർദ്ദേശവുമായി കേരളാ സർവകലാശാല വൈസ് ചാൻസലർ. വിവാദവുമായി ബന്ധപ്പെട്ട് വിവിധ വിദ്യാർത്തി സംഘടനകളുടെ ഭാഗത്ത് നിന്നും ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. വിവാദത്തിൽ അന്വേഷണം നടത്താൻ എംഎസ്എം കോളേജ് അന്വേഷണ കമ്മീഷനെ നിയമിച്ചതായി പ്രിൻസിപ്പൽ മുഹമ്മദ് താഹ അറിയിച്ചു.
അഞ്ചംഗ കമ്മീഷനെയാണ് നിയമിച്ചിരിക്കുന്നത്. കോളേജിലെ മൂന്ന് അദ്ധ്യാപകപും കോളേജ് സൂപ്രണ്ടും ലീഗൽ അഡൈ്വസറുമാണ് അംഗങ്ങൾ. കേരള സർവ്വകലാശാലയ്ക്കും വിഷയത്തിൽ കത്ത് നൽകും. യുണിവേഴ്‌സിറ്റി വഴി അപേക്ഷ നൽകിയാണ് നിഖിൽ കോളേജിൽ പ്രവേശനം നേടിയത്. മാനദണ്ഡങ്ങൾ എല്ലാം പരിശോധിച്ച ശേഷമാണ് പ്രവേശനം നൽകിയത്. കൊറോണ കാലത്താണ് പ്രവേശനം നേടിയത്. ആ സമയത്ത് സംശയം തോന്നിയിരുന്നില്ല. ഏറ്റവും അവസാനമാണ് നിഖിൽ തോമസ് പ്രവേശനം നേടിയതെന്നും മുഹമ്മദ് താഹ പറഞ്ഞു.
2018-2020 വർഷത്തിലാണ് നിഖിൽ എംഎസ്എം കോളേജിൽ ബികോം ചെയ്തത്. എന്നാൽ ഡിഗ്രി പാസായില്ല. 2019ൽ കോളേജിൽ യുയുസിയും, 2020ൽ സർവ്വകലാശാല യൂണിയൻ ജോയിൻറ് സെക്രട്ടറിയുമായിരുന്നു നിഖിൽ. ഡിഗ്രി തോറ്റ നിഖിൽ 2021ൽ കായംകുളം എംഎസ്എം കോളേജിൽ തന്നെ എം കോമിന് ചേർന്നു. അഡ്മിഷൻ കിട്ടാൻ 2019 -2021 കാലത്ത് കലിംഗ സർവ്വകലാശാല വിദ്യാർത്ഥിയായിരുന്നുവെന്ന സർട്ടിഫിക്കറ്റാണ് നിഖിൽ ഹാജരാക്കിയത്. ഒരേ സമയം എങ്ങിനെ കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്ന് ചോദിച്ചാണ് തെളിവ് സഹിതം പരാതി നൽകിയത്.
Discussion about this post