ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയിൽ ഭിന്നത രൂക്ഷമാകുന്നു. സുകുമാരൻ നായർക്കെതിര പ്രതിഷേധമുയർത്തി ആറ് അംഗങ്ങൾ പ്രതിനിധി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് ഇറങ്ങിപ്പോയത്. 300 അംഗ പ്രതിനിധി സഭയാണ് എൻഎസ്എസിന്റേത്.
മന്നത്തിന്റെ ആശയങ്ങളിൽ നിലവിലെ നേതൃത്വം വ്യതിചലിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറങ്ങിപ്പോക്ക്. ധനമന്ത്രി കെ. എൻ.ബാലഗോപാലിന്റെ സഹോദരനാണ് കലഞ്ഞൂർ മധു. കഴിഞ്ഞ 26 വർഷമായി ഡയറക്ടർ ബോർഡ് അംഗമാണ്. ഇന്ന് ചേർന്ന യോഗത്തിൽ മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ നേതൃത്വം തീരുമാനിച്ചിരുന്നു. പിന്നാലെ ഈ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.
സഭായോഗത്തിൽ കലഞ്ഞൂർ മധു ഉൾപ്പെടെ ഉള്ളവർക്കെതിരെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. സംഘടനയെ തകർക്കാൻ ചിലർ ഉള്ളിൽ നിന്ന് ശ്രമിക്കുന്നുവെന്നായിരുന്നു ജി. സുകുമാരൻ നായരുടെ ആരോപണം. ഇക്കൂട്ടർ കൊടും ചതിയാണ് എൻഎസ്എസിനോട് ചെയ്യുന്നത്. അങ്ങനെ ഉള്ള ആളുകൾക്ക് സംഘടനയിൽ സ്ഥാനം ഉണ്ടാകില്ലെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. അതേസമയം കലഞ്ഞൂർ മധുവിന് പകരമായി കെ.ബി.ഗണേശ് കുമാറിനെയാണ് ഡയറകടർ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Discussion about this post