കൊച്ചി : നടൻ പൃഥ്വിരാജിൻറെ ശസ്ത്രക്രിയ പൂർത്തിയായി. സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ താരത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെൻറിൽ കീഹോൾ ശസ്ത്രക്രിയയാണ് നടത്തിയത്.
ഇന്നലെയായിരുന്നു സംഭവം. മറയൂരിൽ വെച്ച് നടത്തിയ ”വിലായത്ത് ബുദ്ധ” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് പരിക്കേറ്റത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയായിരുന്നു.
ത്രില്ലർ സിനിമയിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജി ആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജയൻ നമ്പ്യാർ ആണ്. സച്ചിയുടെ സംവിധാനത്തിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു ഇത്. എന്നാൽ സച്ചിയുടെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിൻറെ സഹസംവിധായകനായിരുന്നു ജയൻ നമ്പ്യാർ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.












