മുംബൈ:വിമാനത്തിനുള്ളിൽ മലമൂത്ര വിസർജനം നടത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. ഈ മാസം 24ാം തിയതി മുംബൈ-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ വച്ചായിരുന്നു സംഭവം. രാം സിംഗ് എന്നയാളാണ് അറസ്റ്റിലായത്. സീറ്റിന് സമീപം മലവിസർജനം നടത്തിയ ശേഷം എല്ലായിടത്തും തുപ്പിയിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്.
മോശം പെരുമാറ്റത്തിന് പിന്നാലെ ക്യാബിൻ ക്രൂ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഇയാൾ വിമാനത്തിനുള്ളിൽ തുപ്പിയ ശേഷം മലമൂത്ര വിസർജനം നടത്തിയത്. വിമാനത്തിലെ ജീവനക്കാർ ഉടനെ തന്നെ ഈ വിവരം പൈലറ്റിനെ അറിയിച്ചു. പൈലറ്റ് ഉടനെ തന്നെ എയർപോർട്ട് അധികൃതരെ ഉൾപ്പെടെ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി.
വിമാനം ഡൽഹിയിൽ എത്തിയതിന് പിന്നാലെ എയർ ഇന്ത്യയുടെ സെക്യൂരിറ്റി മേധാവി എത്തുകയും, രാം സിംഗിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഐപിസി സെക്ഷൻ 294, 510 എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post