ന്യൂഡൽഹി : നടനും ബിജെപി എംപിയുമായ രവി കിഷന്റെ മകൾ ഇഷിത ശുക്ല ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നു. അഗ്നിപഥ് യോജന പ്രകാരമാണ് സൈന്യത്തിന്റെ ഭാഗമാകുന്നത്. ബിജെപി എംഎൽഎ ദിനേശ് കാഖിത് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
മഹിളാ അഗ്നിവീർ ആകുന്നതിൽ ഇഷിത ശുക്ലയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ദിനേശ് അറിയിച്ചു. അഗ്നിപഥ് പദ്ധതി പ്രകാരം, അവൾ പ്രതിരോധ സേനയിൽ ചേരും. രാജ്യത്തെ യുവാക്കൾക്ക് പ്രചോദനമാണ് ഇഷിത. ഇഷിതയുടെ ശോഭനമായ ഭാവിക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രവി കിഷൻ ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് നന്ദി അറിയിച്ചു.
കഴിഞ്ഞ ജൂണിൽ തന്റെ മകൾക്ക് അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്ന് രവി കിഷൻ പറഞ്ഞിരുന്നു. നമ്മുടെ രാജ്യത്തെ സേവിക്കാൻ അവൾ കഴിഞ്ഞ 3 വർഷമായി കഠിനാധ്വാനം ചെയ്യുകയാണ്. ഇഷിത ഡൽഹി ഡയറക്ടറേറ്റിലെ 7 ഗേൾസ് ബറ്റാലിയനിലെ കേഡറ്റാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി തന്റെ മകളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ രാജ്യത്തെ സേവിക്കാൻ അവൾ കഠിനമായി പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി കൊടും തണുപ്പിനെ അതിജീവിച്ചുകൊണ്ട് മകൾ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.
Discussion about this post