ചെന്നൈ: പനിയെ തുടർന്ന് ചികിത്സയ്ക്കായി എത്തിയ കുട്ടിയ്ക്ക് പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് നൽകിയതായി പരാതി. തമിഴ്‌നാട്ടിലെ കടലൂരിലെ സർക്കാർ ആശുപത്രിയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ചികിത്സയ്‌ക്കെത്തിയ 13കാരിയ്ക്കാണ് പേ വിഷബാധയ്ക്കുള്ള വാക്‌സിൻ അധികൃതർ നൽകിയത്.
ഇന്ന് രാവിലെയോടെയാണ് കുട്ടി ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്ക് ശേഷം കുട്ടിയ്ക്ക് ഡോക്ടർ മരുന്നുകളും കുറിച്ചുകൊടുത്തു. എന്നാൽ ഇത് നോക്കാതിരുന്ന നഴ്‌സ് കുട്ടിയ്ക്ക് പേ വിഷബാധയ്ക്കുള്ള വാക്‌സിൻ കുത്തിവയ്ക്കുകയായിരുന്നു. ആദ്യ ഡോസ് നൽകിയതിന് പിന്നാലെ രണ്ടാമത്തെ ഡോസ് നൽകാനായി മരുന്ന് സിറിഞ്ചിൽ നിറച്ചു. ഇതോടെ കുട്ടിയുടെ പിതാവ് സംശയം പ്രകടിപ്പിക്കുകയായിരുന്നു.
അപ്പോഴാണ് പേ വിഷബാധയ്ക്കുള്ള വാക്‌സിനാണ് എടുക്കുന്നത് എന്ന് വ്യക്തമായത്. ഇതിന് തൊട്ട് പിന്നാലെ കുട്ടി തളർന്നു വീണു. ഉടനെ കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ നൽകുകയായിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.









