കൊൽക്കത്ത: ബലി പെരുന്നാൾ ദിനത്തിൽ ദുർഗാ ദേവി ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത് മുസ്ലീം വിശ്വാസിയായ യുവതിയും മകളും. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലായിരുന്നു സംഭവം. പൂജയിൽ പങ്കെടുക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൊൽക്കത്ത സ്വദേശിനി റിമിഷയും മാതാവ് സജിന്ദയുമാണ് ബലി പെരുന്നാൾ ദിനത്തിൽ ക്ഷേത്രത്തിൽ എത്തിയത്. ബലിപെരുന്നാൾ ദിനത്തിൽ ദുർഗ പൂജ കമ്മിറ്റി ക്ഷേത്രത്തിൽ കുമാരി പൂജ സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഇരുവരും പങ്കെടുത്തത്. ചുവന്ന ബനാറസ് സാരിയുടുത്ത് നെറ്റിയിൽ ചന്ദനക്കുറി അണിഞ്ഞ് ആയിരുന്നു റിമിഷ പൂജകളിൽ പങ്കെടുത്തത്. തൊട്ടടുത്ത് ബുർഖ ധരിച്ച് മാതാവും പൂജകളിൽ പങ്കെടുത്തു.
ബലിപെരുന്നാൾ ദിനത്തിൽ പൂജകളിൽ പങ്കെടുക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വ്യാപകമായി പ്രചരിച്ചത്. ബലി പെരുന്നാൾ ദിനത്തിൽ ക്ഷേത്രത്തിൽ പൂജകളിൽ പങ്കെടുത്ത ഇവർക്കെതിരെ മതതീവ്രവാദികളിൽ നിന്നും ശക്തമായ സൈബർ ആക്രമണവും ഉണ്ടാകുന്നുണ്ട്.











