ജമ്മുകശ്മീർ; അമർനാഥ് യാത്രയ്ക്കായി 300 വ്യാജ രജിസ്ട്രേഷൻ പെർമിറ്റുകൾ തയ്യാറാക്കിയതായി ജമ്മു ജില്ലാ ഭരണകൂടവും പോലീസും ചേർന്ന് ജൂൺ 30 ന് കണ്ടെത്തി. ഈ വിഷയത്തിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ജമ്മു ഡെപ്യൂട്ടി കമ്മീഷണർ അവ്‌നി ലവാസ ആണ് അറിയിച്ചത്.
അമർനാഥ് യാത്രയ്ക്കായി “ശ്രീ അമർനാഥ് ക്ഷേത്ര ബോർഡുകളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ഇതിനായി സ്ഥാപിച്ചിട്ടുള്ള നിയുക്ത രജിസ്ട്രേഷൻ കൗണ്ടറുകളിൽ നിന്നോ മാത്രമേ രജിസ്റ്റർ ചെയ്യാവൂ” എന്നും അവ്‌നി ലവാസ തീർത്ഥാടകരോട് അഭ്യർത്ഥിച്ചു. അമർനാഥ് യാത്രയ്ക്കിടെ ഏതെങ്കിലും തരത്തിലുള്ള അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി രജിസ്ട്രേഷൻ പെർമിറ്റുകൾ കൃത്യമായി പരിശോധിക്കാൻ ഡെപ്യൂട്ടി കമ്മീഷണർ തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.
ജൂൺ 29 ന് അമർനാഥ് തീർഥാടകർക്ക് വ്യാജ രജിസ്ട്രേഷൻ സ്ലിപ്പുകൾ നൽകിയ റാക്കറ്റിനെ ജമ്മു കശ്മീർ ഭരണകൂടം വിജയകരമായി തകർത്തിരുന്നു. ഉത്തർപ്രദേശിലെ മുസഫർ നഗർ ജില്ലയിൽ നിന്ന് രണ്ടു ബസ്സുകളിൽ ആയെത്തിയ ഭക്തരിൽ നിന്നാണ് വ്യാജ രജിസ്ട്രേഷൻ സ്ലിപ്പുകൾ കണ്ടെത്തിയത്. തുടർന്നാണ് ഇത്തരത്തിൽ തീർത്ഥാടകർക്ക് വ്യാജ രജിസ്ട്രേഷൻ സ്ലിപ്പുകൾ വിതരണം ചെയ്ത റാക്കറ്റിനെ ജമ്മു കാശ്മീർ ഭരണകൂടം പിടികൂടിയത്.











