ജയ്പൂർ: രാജസ്ഥാനിൽ പാമ്പ് കടിയേറ്റ് രക്ഷപ്പെട്ടയാൾ ദിവസങ്ങൾക്കുള്ളിൽ മറ്റൊരു പാമ്പിന്റെ കടിയേറ്റ് മരിച്ചു. 40 കാരനായ ജസാഖ് ഖാൻ ആണ് മരിച്ചത്. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തി.
അണലി വിഭാഗത്തിൽപ്പെട്ട ബാൻഡി എന്ന പാമ്പാണ് കടിച്ചതെന്നാണ് വിവരം. കഴിഞ്ഞ മാസം 25 നായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 20 നായിരുന്നു ജാസാബിന് ആദ്യം പാമ്പ് കടിയേറ്റത്. ബന്ധുക്കൾ ചേർന്ന് അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. എന്നാൽ വിദഗ്ധ ചികിത്സയിലൂടെ ജസാബിനെ ഡോക്ടർമാർ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു.
നാല് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം 24 നാണ് ജസാബിനെ ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ വന്ന് പിറ്റേ ദിവസം ജസാബിനെ വീണ്ടും പാമ്പ് കടിക്കുകയായിരുന്നു. വീടിന് സമീപത്തുവച്ചാണ് ഇരുവട്ടവും ജസാബിന് പാമ്പ് കടിയേറ്റത്.
ഒരാഴ്ചയ്ക്കിടെ രണ്ട് തവണ പാമ്പ് കടിയേറ്റതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post