പാലക്കാട്: പതിവു വാഹനപരിശോധനയ്ക്കിടെയാണ് വൻ ലഹരിമരുന്ന് കടത്തുന്ന രണ്ടുപേരെ പാലക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശ്ശൂർ മുകുന്ദപുരം സ്വദേശി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പിൽ നിന്ന് 62 ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെടുത്തത്. ബംഗളുരുവിൽ നിന്നാണ് ഇവർ കേരളത്തിലേക്ക് ലഹരി എത്തിച്ചത് എന്നാണ് വിവരം.
ലഹരിക്കേസുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കസബ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട നടന്നത്. മുഹമ്മദ് റയിസും ,ഷമീനയും ഉൾപ്പെട്ട ലഹരിമരുന്ന് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ആംരഭിച്ചിട്ടുണ്ട്.
പല മാർഗ്ഗങ്ങളിലൂടെയാണ് സംസ്ഥാനത്ത് ഇപ്പോൾ ലഹരിവില്പന നടക്കുന്നത്. കോട്ടയം നഗരത്തിൽ കഴിഞ്ഞദിവസം പച്ചക്കറി വ്യാപാരം നടത്തിയ ആളെയാണ് പോലീസ് ലഹരി വില്പനയുടെ പേരിൽ അറസ്റ്റ് ചെയ്തത്. പച്ചക്കറി വില്പനയുടെ മറവിൽ ബ്രൗൺ ഷുഗർ വില്പന നടത്തിയിരുന്ന ആസാം സ്വദേശിയെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.പഞ്ച്മൈൽ ബസാർ സ്വദേശിയായ 33 വയസ്സുള്ള രാജികുൾ അലം എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച നിലയിൽ 8.05 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു.











