ആംസ്റ്റർഡാം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഡച്ച് ഇതിഹാസ ഫുട്ബോൾ താരം എഡ്വിൻ വാൻഡർ സാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വാൻഡർ സാറെന്ന് മുൻ ക്ലബ് അജാക്സ് അറിയിച്ചു. ക്രൊയേഷ്യൻ ദ്വീപിൽ അവധിക്കാലം ആസ്വദിക്കുന്നതിനിടെയായിരുന്നു 52 വയസ്സുകാരനായ മുൻ ഡച്ച് ഗോൾ കീപ്പർ കുഴഞ്ഞു വീണത്.
നെതർലൻഡ്സിനായി 130 മത്സരങ്ങളിൽ ഗ്ലൗ അണിഞ്ഞ വാൻഡർ സാർ, ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നെതർലൻഡ്സിനെ പ്രതിനിധീകരിച്ച രണ്ടാമത്തെ താരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും ഫുൾഹാമിന് വേണ്ടിയും കളിച്ചിട്ടുള്ള അദ്ദേഹം, അജാക്സിന്റെ സി ഇ ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്.
1998 ഫിഫ ലോകകപ്പിൽ നെതർൽൻഡ്സിനെ സെമി ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് വാൻഡർ സാർ. പരിക്കിനെ അവഗണിച്ച് 2000, 2004, 2008 യൂറോ കപ്പുകളിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 2006 ലോകകപ്പിലും അദ്ദേഹം കളിച്ചു.
Discussion about this post