ജിദ്ദ : സൗദിയിലേക്ക് യാത്ര ചെയ്യുന്നവർ ലഗ്ഗേജിനൊപ്പം ഒഴിവാക്കേണ്ടുന്ന 30 വസ്തുക്കളുടെ പട്ടിക പസിദ്ധീകരിച്ച് വിമാനത്താവള അധികൃതർ.ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവള അധികൃതരാണ് ഈ വിവരം അറിയിച്ചത്. ഇതിൽ 16 ഇനങ്ങൾ നേരത്തെ തന്നെ വിമാന ക്യാബിനുകളിൽ കൊണ്ടുപോകാൻ അനുവാദം ഇല്ലാത്തവയാണ്. ഇത്തരം സാധനങ്ങൾ കണ്ടുകെട്ടുമെന്നും യാത്രക്കാർക്ക് അവ തിരികെ ചോദിക്കാൻ അവകാശം ഉണ്ടായിരിക്കില്ലെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.
നിരോധിക്കപ്പെട്ട വസ്തുക്കളിൽ കത്തികൾ , ബ്ലേഡുകൾ , കത്രികകൾ, മാംസം വെട്ടുന്ന ഉപകരണങ്ങൾ, ബേസ്ബോൾ ബാറ്റുകൾ , നെയിൽ ക്ലിപ്പറുകൾ , സ്കേറ്റ് ബോർഡുകൾ, കംപ്രസ് ചെയ്ത വാതകങ്ങൾ, വിഷ ദ്രാവകങ്ങൾ, സ്ഫോടക വസ്തുക്കൾ, പടക്കങ്ങൾ, തോക്കുകൾ, കാന്തിക വസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ , വെടിമരുന്ന് എന്നിവ ഉൾപ്പെടുന്നു.
നിരോധിച്ചിട്ടുള്ളതും അപകടകരവുമായ വസ്തുക്കളൊന്നും ബാഗേജിൽ കൊണ്ടുപോകരുതെന്ന് ഹജ് തീർഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ നിന്നും നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു.
ഇതോടൊപ്പം ബാഗേജുകളിൽ ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങൾ, ഓർഗാനിക് പെറോക്സൈഡുകൾ , ഓക്സിഡന്റുകൾ, ലിക്വിഡ് ഓക്സിജൻ ഉപകരണങ്ങൾ, അണുബാധ ഉണ്ടാക്കുന്ന വസ്തുക്കൾ, കത്തുന്ന ദ്രാവകങ്ങൾ, തീപ്പെട്ടികൾ, ലൈറ്ററുകൾ എന്നിവ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. കൂടുതൽ വിവരങ്ങൾക്കായി യാത്ര ചെയ്യുന്ന എയർലൈനുകളുമായി ബന്ധപ്പെടാനും വിമാനത്താവള അധികൃതർ സൗദിയിലേക്കുള്ള യാത്രക്കാരോട് അഭ്യർത്ഥിച്ചു.
Discussion about this post