ജീവിതത്തിൽ വിജയിച്ച മനുഷ്യരെ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സുധാമൂർത്തി. ബെംഗളൂരുവിൽ നടന്ന മണികൺട്രോൾ സ്റ്റാർട്ടപ്പ് കോൺക്ലേവ് 2023-ൽ സംസാരിക്കുകയായിരുന്നു ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണ മൂർത്തിയുടെ ഭാര്യയും വിദ്യാഭ്യാസ പ്രവർത്തകയും എഴുത്തുകാരിയുമായ സുധാമൂർത്തി.
” നന്നായി വിജയിച്ച ഒരു മനുഷ്യനെ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് എല്ലാ യുവ സംരംഭകരുടെ ഭാര്യമാരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. അവർ സാധാരണക്കാരല്ല, അവർക്ക് വീട്ടിൽ യുക്തിയില്ല – ഓഫീസിൽ മാത്രമേയുള്ളൂ ” സുധാ മൂർത്തി പറഞ്ഞു .
കോൺക്ലേവിൽ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും മകൻ രോഹൻ മൂർത്തിയും പങ്കെടുക്കുകയും ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു . നാരായണ മൂർത്തി തന്റെ ആജീവനാന്ത പിന്തുണ എന്നാണ് ചടങ്ങിൽ ഭാര്യയെ പ്രശംസിച്ചത്. ഈ വാക്കുകൾക്ക് ശേഷമാണ് അദ്ദേഹം പങ്കാളികൾ അവരുടെ സ്വപ്നങ്ങളെ പിന്തുടരുമ്പോൾ ശക്തമായ പിന്തുണയായി അവർക്കൊപ്പം നിൽക്കുന്ന സ്ത്രീകളെക്കുറിച്ച് സംസാരിക്കാനായി സുധാമൂർത്തിയെ വേദിയിലേക്ക് ക്ഷണിച്ചത്.
തുടർന്ന് യുവ സംരംഭകരുടെ ഭാര്യമാർക്കായി ഒരു ഹ്രസ്വ പ്രസംഗം നടത്തുകയായിരുന്നു സുധാമൂർത്തി.“ ഭാര്യ എല്ലായ്പോഴും സെക്രട്ടറി, ഫിനാൻസ് മാനേജർ, നാനി, ഉപദേഷ്ടാവ് തുടങ്ങി നിരവധി റോളുകൾ ആയിരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഒരു സ്ത്രീ അതെല്ലാം ചെയ്യണം. അവയിലൊന്ന് നിങ്ങൾ പരാജയപ്പെട്ടാൽ അത് അവരെ ദോഷകരമായി ബാധിക്കുന്നു. ”
മൂർത്തിയുടെ വാക്കുകൾ നിറഞ്ഞ കരഘോഷങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്. തുടർന്ന് പഴയ കാലത്തും ഇന്നും തങ്ങൾ നടത്തിയ പോരാട്ടങ്ങളെ കുറിച്ചും സുധാ മൂർത്തി പരാമർശിച്ചു.
Discussion about this post