അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുംപ്രതിമാസ പെൻഷൻ നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. 45 നും 60 നും ഇടയിൽ പ്രായമുള്ള അവിവാഹിതർക്കാണ് 2,750 രൂപ പ്രതിമാസ പെൻഷൻ തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. വാർഷിക വരുമാനം 1.80 ലക്ഷം രൂപയിൽ താഴെയുള്ള വ്യക്തികൾക്കാണ് ഈ പെൻഷന്റെ പ്രയോജനം ലഭിക്കുകയെന്നും ഹരിയാന മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
40 നും 60 നും ഇടയിൽ പ്രായമുള്ള വിധവകൾക്കും പ്രതിമാസം 2,750 രൂപ പെൻഷൻ ലഭിക്കും. അവരുടെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയായിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതികളിൽ നിന്ന് പ്രയോജനം നേടുന്നവർ 60 വയസ്സ് തികഞ്ഞാൽ, അവർ സ്വയമേവ വാർദ്ധക്യ പെൻഷന് അർഹരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻസ്‌പെക്ടർ റാങ്കുള്ള ഹരിയാന പോലീസുകാർക്ക് പ്രതിമാസ മൊബൈൽ അലവൻസ് ഏർപ്പെടുത്തിയ ഹരിയാന സർക്കാരിൻറെ പ്രഖ്യാപനം ഏറെ പ്രശംസ നേടിയിരുന്നു. കോൺസ്റ്റബിൾമാർക്കും ഹെഡ് കോൺസ്റ്റബിൾമാർക്കും 200 രൂപ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർക്ക് 250 രൂപയും സബ് ഇൻസ്പെക്ടർമാർക്ക് 300 രൂപയും ഇൻസ്പെക്ടർമാർക്ക് 400 രൂപയുമാണ് മൊബൈൽ അലവൻസ്.
Discussion about this post