ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ എത്തിയ അരിക്കൊമ്പൻ ഫാൻസിനെ തടഞ്ഞ് ചിന്നക്കനാലിലെ നാട്ടുകാർ. അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം ഡിഎഫ്ഒയിലേക്ക് സമരം ചെയ്യാനെത്തിയവരെയാണ് നാട്ടുകാർ തടഞ്ഞത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുളള സംഘമാണ് ചിന്നക്കനാലിൽ 301 കോളനിയിൽ എത്തിയത്.
അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്നതാണ് ഇവരുടെ ആവശ്യമെന്ന് മനസിലായതോടെയാണ് നാട്ടുകാർ ഇവരെ തടഞ്ഞത്. തുടർന്ന് അരിക്കൊമ്പൻ ഫാൻസ് മൂന്നാർ ഡിവൈഎസ്പി ഓഫീസിലെത്തി പരാതി നൽകി.
അതേസമയം അരിക്കൊമ്പൻ ഫാൻസ് എന്ന പേരിൽ ഇറങ്ങുന്നവരുടെ സാമ്പത്തിക ഇടപാട് പരിശോധിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
അരിക്കൊമ്പനുമായി ബന്ധപ്പെട്ട് തുടർച്ചയായി ഹർജികൾ സമർപ്പിക്കുന്നതിൽ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹരജി ഫയൽ ചെയ്യുകയാണെന്നും ഇതിനാൽ പൊറുതിമുട്ടിയിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടത്. തുടർന്ന് 25,000 രൂപ പിഴയിടുകയും ചെയ്തിരുന്നു.
Discussion about this post