തിരുവനന്തപുരം: രക്ഷിതാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. തമിഴ്‌നാട് സ്വദേശികളായ മുരുകൻ ഭാര്യ മാരിയമ്മ എന്നിവരുടെ ഒന്നര വയസ്സുള്ള പെൺകുഞ്ഞിന്റെ സംരക്ഷണം ആണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. ഇരുവരുടെയും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ തിരുവനന്തപുരം ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. ദമ്പതികളുടെ ആക്രമണത്തിൽ കുഞ്ഞിന് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടിയുള്ളത്.
അതേസമയം കുട്ടിയുടെ മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിലാണ്. ഈസ്റ്റ് പോലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇരുവരും തമ്മിൽ വഴക്കിടുന്നതിനിടെ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മൊബൈൽ ഫോൺ കാണാത്തതിനെ ചൊല്ലിയായിരുന്നു തർക്കം എന്നാണ് വിവരം.










