പരീക്ഷയെഴുതാൻ പോയ അമ്മ വരുന്നത് വരെ പരീക്ഷാ ഹാളിന് പുറത്തുനിന്ന് കുഞ്ഞിനെ പരിപാലിച്ച വനിതാ കോൺസ്റ്റബിളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ താരമാകുന്നത്. ഗുജറാത്തിലെ ഓധവിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.
ഗുജറാത്ത് ഹൈക്കോടതി പ്യൂൺ റിക്രൂട്ട്മെൻറ് പരീക്ഷ എഴുതാനെത്തിയ യുവതിയുടെ ആറ് മാസം പ്രായമുളള കുഞ്ഞിനെയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ പരിപാലിച്ചത്. അഹമ്മദാബാദ് പോലീസാണ് വനിതാ ഉദ്യോഗസ്ഥ കുഞ്ഞിനെ എടുത്തുകൊണ്ട് നടക്കുന്ന ചിത്രങ്ങൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവെച്ചത്.
ഗുജറാത്ത് പോലീസ് വകുപ്പിലെ കോൺസ്റ്റബിൾ ദയാ ബെൻ ആണ് അമ്മയുടെ അവസ്ഥയറിഞ്ഞ് അവരെ സഹായിക്കാൻ സന്നദ്ധത കാണിച്ചത്. വിദ്യാഭ്യാസത്തിന്റെ മൂല്യവും അമ്മയുടെ പ്രയാസങ്ങളും തിരിച്ചറിഞ്ഞ്, വനിതാ ഉദ്യോഗസ്ഥ സഹായവുമായി എത്തുകയായിരുന്നു. കോൺസ്റ്റബിളിന്റെ സ്നേഹ സ്പർശത്തെ സഹ പോലീസുകാരും പരീക്ഷാ സൂപ്പർവൈസർമാരും പ്രശംസിച്ചു. ചിത്രങ്ങൾ വൈറലായതോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രശംസയുമായി നിരവധി പേരാണ് എത്തിയത്.
Discussion about this post