2005-2006 മുതൽ 2019-2021 വരെയുള്ള 15 വർഷത്തെ കണക്കുകളിൽ ഇന്ത്യയിൽ മൊത്തം 41.5 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി യുഎൻ റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രങ്ങളിലൊന്ന് എന്ന നിലയിൽ ഇതൊരു ശ്രദ്ധേയമായ നേട്ടമാണെന്നും യുഎൻ വിലയിരുത്തി. കൂടാതെ ഇന്ത്യയിലെ ശിശുമരണ നിരക്കും 4.5% എന്നതിൽ നിന്നും 1.5% കുറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയുടെ (MPI) ഏറ്റവും പുതിയ അപ്‌ഡേറ്റ് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമും (UNDP) ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവും (OPHI) ചേർന്നാണ് പുറത്തിറക്കിയത്. നിലവിലെ കണക്കുകൾ അനുസരിച്ച് ലോകത്തിൽ ആകെയുള്ള ജനങ്ങളിൽ 18% ആളുകളാണ് കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നത്.
ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളാണ് കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ദാരിദ്ര്യത്തെ പകുതിയോളം വെട്ടിക്കുറച്ചത്. ഈ രാജ്യങ്ങളിൽ ചൈന, മൊറോക്കോ, ഇൻഡോനേഷ്യ, വിയറ്റ്നാം, സെർബിയ, ഹോണ്ടുറാസ്, കമ്പോഡിയ, കോംഗോ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു. 2005-2006 കാലഘട്ടത്തിൽ ഇന്ത്യയിൽ ഏതാണ്ട് 64.5 കോടി ആളുകൾ ദാരിദ്ര്യത്തിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2019-2020 ലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 23 കോടി ആണ്. കൂടാതെ പാചക ഇന്ധനം ഇല്ലാത്തവരുടെ എണ്ണം 52.9% ത്തിൽ നിന്ന് 13.9 % ആയി കുറഞ്ഞു. കുടിവെള്ളം ഇല്ലാത്തവരുടെ എണ്ണം 16.4 % ത്തിൽ നിന്ന് 2.47% ആയും വൈദ്യുതി ഇല്ലാത്തവരുടെ എണ്ണം 29% ത്തിൽ നിന്നും 2.1% ആയും സ്വന്തം ഭവനം ഇല്ലാത്തവരുടെ എണ്ണം 44.9 % ത്തിൽ നിന്നും 13.6% ആയും കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Discussion about this post