ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളേയും ഭരണഘടനയേയും പാരമ്പര്യത്തേയും സംസ്‌കാരത്തേയും പുകഴ്ത്തി മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ ഇസ. ഇന്ത്യയിൽ എല്ലാ മതങ്ങളും തമ്മിൽ സമാധാനപരമായി ഒത്തൊരുമിച്ച് പോകുന്നത് മികച്ച കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹം അഞ്ച് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലെത്തിയത്.
ഇന്ത്യൻ ജനാധിപത്യത്തെ ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യം ചെയ്യുകയാണ്. ലോകെത്തിന് മുന്നിൽ സൗഹാർദ്ദത്തിന്റെ മാതൃക വെളിവാക്കുന്ന ഇന്ത്യൻ പാരമ്പര്യത്തെയും അഭിനന്ദിക്കുകയാണ്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആത്മീയ നേതാക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുന്നതിൽ താൻ വളരെ അധികം സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദം എന്ന വിപത്തിനെ തടയേണ്ടതുണ്ടെന്നും, അതിന് കുട പിടിക്കുന്ന രാജ്യങ്ങൾക്ക് ഒരു തരത്തിലുള്ള പിന്തുണ നൽകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”തെറ്റിദ്ധാരണകളും വിദ്വേഷം നിറയ്ക്കുന്ന തരം പ്രത്യയശാസ്ത്രങ്ങളും പിന്തുടരുന്ന രാജ്യങ്ങൾ ഇന്നുമുണ്ട്. തങ്ങളുടെ അധികാരവും നിയന്ത്രണവും ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിയാണ് പല നേതാക്കളും ഇത് ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ പല മതനേതാക്കളേയും കാണാനിടയായി. അവർ സമാധാനപരമായി ഒന്നിച്ച് മുന്നോട്ട് പോകേണ്ടതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.












