ബ്രിക്‌സ് കൂട്ടായ്മയിൽ അംഗത്വം നേടാനുള്ള പാകിസ്താന്റെ ശ്രമങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും ലക്ഷ്യം കാണാതെ തുടരുന്നു. 2023-ൽ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചെങ്കിലും പാകിസ്താനെ അംഗങ്ങളാക്കാൻ ഇതുവരെ കൂട്ടായ്മ തയ്യാറായിട്ടില്ല. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്‌സിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പാണ് പാകിസ്താന് തിരിച്ചടിയാകുന്നത്. കഴിഞ്ഞവർഷം ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ. എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി കൂട്ടായ്മ ‘ബ്രിക്‌സ് പ്ലസ്’ ആയി വിപുലീകരിച്ചപ്പോഴും ഇന്ത്യയുടെ ശക്തമായ എതിർപ്പുമൂലം പാകിസ്താന് പുറത്തുനിൽക്കേണ്ടി വന്നിരുന്നു.
അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും കൂട്ടായ്മകളെ സജീവമാക്കാനും ബ്രിക്‌സിൽ അംഗമാകുന്നതിലൂടെ സാധിക്കുമെന്നാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. മിക്ക ബ്രിക്‌സ് രാജ്യങ്ങളുമായും തങ്ങൾക്ക് നല്ല ബന്ധമാണുള്ളതിനാൽ അപേക്ഷ അനുകൂലമായി പരിഗണിക്കപ്പെടുമെന്ന് പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലൂച്ച് മുൻപ് പ്രതികരിച്ചിരുന്നു. റഷ്യയുടെയും ചൈനയുടെയും പിന്തുണ പാകിസ്താന് ലഭിക്കുന്നുണ്ടെങ്കിലും, നിലവിലുള്ള എല്ലാ അംഗങ്ങളുടെയും പൂർണ സമ്മതത്തോടെ മാത്രമേ പുതിയ രാജ്യങ്ങൾക്ക് ബ്രിക്‌സിൽ അംഗത്വം നൽകാൻ സാധിക്കൂ എന്നതിനാൽ ഇന്ത്യയുടെ നിലപാട് നിർണ്ണായകമായി മാറുകയാണ്.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ, പുതിയ സാമ്പത്തിക സഹായ സ്രോതസ്സുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ബ്രിക്‌സ് അംഗത്വത്തിനായി നിരന്തരം ശ്രമിക്കുന്നത്. രാജ്യത്തിന്റെ ജി.ഡി.പി. വളർച്ചാ നിരക്ക് നിലവിൽ 3.70 ശതമാനമായി തുടരുകയാണ്. ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയ നിധിയെയും (ഐ.എം.എഫ്.) മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ബ്രിക്‌സിന്റെ കീഴിലുള്ള ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ 580 ദശലക്ഷം ഡോളറിന്റെ ഓഹരികൾ പാകിസ്താൻ സ്വന്തമാക്കിയതായി നിക്കേ ഏഷ്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശക്തമായ കൂട്ടായ്മയായി ബ്രിക്‌സ് വളരുന്ന പശ്ചാത്തലത്തിലാണ് പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അംഗത്വത്തിനായി രംഗത്തെത്തിയിട്ടുള്ളത്. നിലവിൽ പാകിസ്താൻ ഉൾപ്പെടെ 29 രാജ്യങ്ങളാണ് ബ്രിക്‌സ് അംഗത്വത്തിനായി കാത്തിരിക്കുന്നത്. എന്നാൽ വിപുലീകരിച്ച ബ്രിക്‌സ് പ്ലസ് കൂട്ടായ്മ ഇപ്പോൾ തന്നെ ലോക ജനസംഖ്യയുടെ 49 ശതമാനത്തെയും ആഗോള ജി.ഡി.പി.യുടെ 40 ശതമാനത്തെയും പ്രതിനിധാനം ചെയ്യുന്നുണ്ട്.









