നരേന്ദ്ര മോദിയെ കാണുമ്പോൾ മുഖ്യമന്ത്രി വിഡി സതീശന് ചാഞ്ചാട്ടമാണെന്ന രൂക്ഷ വിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. പി.എം. ശ്രീ പദ്ധതി അറബിക്കടലിൽ കളയുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും, എന്നാൽ പാലം കടക്കുന്നതുവരെ മാത്രമാണ് അവരുടെ ഈ വർത്തമാനമെന്നും അദ്ദേഹം പരിഹസിച്ചു. സതീശൻ നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി നെഹ്‌റുവിന്റെ ആദർശങ്ങൾ മറന്നുപോകരുതെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമ്പോൾ അതിരപ്പിള്ളി പദ്ധതി വേണമെന്ന് വിളിച്ചുകൂവുന്നവരെയും അദ്ദേഹം വിമർശിച്ചു. മറ്റ് ബദൽ മാർഗങ്ങൾ ഉണ്ടായിട്ടും അതിരപ്പിള്ളി എന്ന് മാത്രമാണ് ചിലർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഡാമുകൾ വഴി മാത്രം വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി ലോകത്ത് അവസാനിച്ചുവരികയാണെന്നും, പുതിയ മാർഗങ്ങളാണ് ലോകമെമ്പാടും സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പവർ കട്ട് ഇല്ലാതെയാണ് എൽ.ഡി.എഫ് സർക്കാർ ഭരിച്ചതെന്ന് അവകാശപ്പെടുമ്പോൾ, ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദ് ചെയ്തത് എൽ.ഡി.എഫ് സർക്കാരല്ലെന്നും മറിച്ച് റെഗുലേറ്ററി കമ്മീഷനാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
കാര്യങ്ങളെല്ലാം പൂർണ്ണമായി അറിഞ്ഞുകൊണ്ട് സർക്കാരിനെ പഴിചാരുന്നത് തങ്ങളുടെ കഴിവുകേട് മറച്ചുവെക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും, ജനങ്ങൾക്ക് കാര്യങ്ങളെല്ലാം വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. എങ്കിലും ചില നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഈ വാങ്ങൽ. പ്രത്യേകിച്ച് ഏപ്രിൽ, മെയ് മാസങ്ങളിലെ പീക്ക് ടൈമിൽ ഒരു യൂണിറ്റിന് 12.50 രൂപ വരെ നൽകി വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്.








