ഇലോൺ മസ്കിന്റെ ടെസ്‌ല ഇന്ത്യയിൽ കാർ നിർമ്മാണ ഫാക്ടറി ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കേന്ദ്ര സർക്കാരുമായി ടെസ്‌ല തുടങ്ങി കഴിഞ്ഞു എന്നാണ് പറയുന്നത്. ഇന്തോ-പസഫിക് മേഖലയിലേക്കുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയും ടെസ്‌ല ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിൽ നിർമ്മാണ കേന്ദ്രം ആരംഭിച്ചുകൊണ്ട് ഇന്ത്യയെ ഇന്തോ-പസഫിക് രാജ്യങ്ങളിലേക്കുള്ള ഒരു കയറ്റുമതി കേന്ദ്രം കൂടിയാക്കുക എന്നതാണ് ടെസ്‌ലയുടെ ലക്ഷ്യം എന്ന് പറയപ്പെടുന്നു.
പ്രതിവർഷം അഞ്ച് ലക്ഷം വാഹനങ്ങൾ നിർമ്മിക്കാൻ കഴിയുന്ന ഫാക്ടറിയാണ് ഇന്ത്യയിൽ ടെസ്‌ല നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. 20 ലക്ഷം രൂപ മുതലായിരിക്കും ടെസ്‌ലയുടെ ഈ ഇലക്ട്രിക് വാഹനങ്ങളുടെ വിലയെന്നും പറയപ്പെടുന്നു. നിർമ്മാണ ഫാക്ടറി ആരംഭിക്കുന്നതിന്റെ ഭാഗമായി ടെസ്‌ല പ്രതിനിധികൾ ഇന്ത്യയിലെ വ്യവസായ എക്സിക്യൂട്ടീവുകളുമായി നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകളും നടത്തുന്നുണ്ട്.
ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ഇലോൺ മസ്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തെ മറ്റെല്ലാ രാജ്യത്തേക്കാളും വിജയകരമായ ഭാവി ഇന്ത്യക്ക് ഉണ്ടെന്ന് അന്ന് ഇലോൺ മസ്ക് പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്തുന്നതിനുള്ള ആലോചനകൾ നടക്കുന്നതായി മസ്ക് നേരത്തെ തന്നെ അറിയിച്ചിരുന്നു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കുള്ള ചുവടുമാറ്റത്തിന്റെ പാതയിലാണ് ഇന്ത്യ ഇപ്പോൾ. അതിനാൽ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ഇന്ത്യ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട് . ഇലക്ട്രിക് വാഹന മേഖലയിൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി സർക്കാർ വിവിധ സംരംഭങ്ങളും പ്രോത്സാഹനങ്ങളും നടപ്പിലാക്കുന്നുമുണ്ട്.
Discussion about this post