ലൻണ്ടൻ : വിംബിൾഡൺ ഫൈനലിൽ ഒൻസ് യാബ്യൂറിനെ പരാജയപ്പെടുത്തി ആദ്യ ഗ്രാൻസ്ലാം കിരീടം നേടിയ ചരിത്രനേട്ടവുമായി മർകേറ്റ വോന്ദ്രോസോവ. സീഡ് ചെയ്യപ്പെടാതിരുന്ന ചെക്ക് റിപബ്ലിക് താരം ഒൻസ് യാബ്യൂറിനെ 6-4, 6-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ സീഡ് ചെയ്യപ്പെടാത്ത കളിക്കാരിയെന്ന നേട്ടവും വോന്ദ്രോസോവ സ്വന്തമാക്കി. ഒരു മണിക്കൂറും 20 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് 24കാരിയുടെ വിജയം. നേരത്തെ 2019 ൽ ഫ്രഞ്ച് ഓപ്പണിൽ ഫൈനലിൽ എത്തിയിരുന്നു.
അതേസമയം യാബ്യൂറിന് തുടർച്ചയായ രണ്ടാം വിംബിൾഡണിലും ഫൈനലിൽ തോൽവി വങ്ങേണ്ടി വന്നു. ഗ്രാൻസ്ലാം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിത എന്ന നേട്ടത്തിനായി കോർട്ടിലിറങ്ങിയ 28 കാരിയായ യാബ്യൂറിന് സ്വപ്നം സാക്ഷാത്കരിക്കാനായില്ല. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഖസാക്കിസ്ഥാന്റെ എലെന റിബാകിനയോട് തോറ്റിരുന്നു.
Discussion about this post