തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതു ഭരണ വകുപ്പിൽ മ്യൂസിക് സിസ്റ്റം വാങ്ങാൻ അനുമതി. പൊതു ഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗമാണ് അനുമതി നൽകിയത്. 13,440 രൂപയുടെ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാനാണ് അനുമതി. ആവശ്യം ഉന്നയിച്ച് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി നേരത്തേ കത്ത് നൽകിയിരുന്നു.
സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലെ എഐഎസ് വിഭാഗത്തിലാണ് പുതിയ പരീക്ഷണം. പൊതു ഭരണ വകുപ്പിൽ ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് എഐഎസ്. ഏതൊക്കെ പാട്ടുകളാണ് പ്ലേ ചെയ്യുക എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രണയഗാനങ്ങളാണോ വിരഹഗാനങ്ങളാണോ അടിപൊളി ഗാനങ്ങളാണോ അതേ വിപ്ലവ ഗാനങ്ങളാണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. പല പ്രായക്കാർ ഉള്ളതിനാൽ പാട്ട് എല്ലാവർക്കും സ്വീകാര്യമാകുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
43 വകുപ്പുകളാണ് സെക്രട്ടേറിയേറ്റിൽ ഉള്ളത്. അതിൽ ഒരു വകുപ്പാണ് പൊതു ഭരണ വകുപ്പ്. പൊതു ഭരണ വകുപ്പിന് കീഴിൽ 25 ഓളം സെക്ഷനുകളുമുണ്ട്. അതിൽ ഒന്ന് മാത്രമാണ് മ്യൂസിക് സിസ്റ്റം സ്ഥാപിച്ച എഐഎസ് സെക്ഷൻ. പൊതു ഭരണ വകുപ്പിലെ 25 സെക്ഷൻകാരും മ്യൂസിക് സിസ്റ്റം ആവശ്യപ്പെട്ടാൽ 3.36 ലക്ഷം രൂപ ചെലവാകും. സെക്രട്ടേറിയേറ്റിലെ 43 വകുപ്പുകളിലെ എല്ലാ സെക്ഷനുകളിലും മ്യൂസിക് സിസ്റ്റം സ്ഥാപിക്കണമെങ്കിൽ 1 കോടിക്ക് മുകളിൽ ആകും ചെലവ്.
Discussion about this post