ശബരിമല: ബാബറി മസ്ജിദ് ദിനാചരണത്തിന്റെ പശ്ചാത്തലത്തില്‍ സന്നിധാനവും പരിസരപ്രദേശങ്ങളും ഇന്നുമുതല്‍ മൂന്നു ദിവസം കനത്ത സുരക്ഷയില്‍. സുരക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സന്നിധാനം സ്പെഷല്‍ ഓഫീസര്‍ എസ്.സുരേന്ദ്രന് പറഞ്ഞു. ഡിസംബര്‍ 5 പുലര്‍ച്ചെ മൂന്നു മുതല്‍ ഏഴിന് രാവിലെ 10 മണി വരെയാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
തന്ത്രിയും മേല്‍ശാന്തിമാരും ഒഴികെയുള്ള എല്ലാവരെയും കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കിയതിനു ശേഷമാവും സന്നിധാനം തിരുമുറ്റത്തേക്ക് കടത്തിവിടുക. ആര്.എം.എഫിന്റെ 150 അംഗ സായുധസേനയ്ക്ക് പുറമെ അത്രതന്നെ കേരള പോലീസിന്റെ ആയുധം ധരിച്ച കമാന്റോകളും സന്നിധാനത്ത് വിവിധ സ്ഥാനങ്ങളില്‍ നിരന്നുകഴിഞ്ഞു. എല്‍.ഡി.ആര്.എഫ്., ആര്.എം.എഫ്., തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സംഘങ്ങളും സന്നിധാനത്ത് എത്തിയിട്ടുണ്ട്.
ആന്ധ്രയില്‍ നിന്നുള്ള 50 അംഗ പോലീസ് സംഘത്തില്‍ 30 പേര് സന്നിധാനത്തും 20 പേര് പമ്പയിലുമാണ് സേവനം അനുഷ്ഠിക്കുന്നത്. ആന്ധ്രയില്‍നിന്ന് എത്തുന്ന തീര്‍ത്ഥാടകരെ ഇനിയുള്ള മൂന്നു ദിവസം പരിശോധിക്കുന്നതും ചോദ്യങ്ങള്‍ ചോദിക്കുന്നതും കൂടുതലായി ഇവരായിരിക്കും. എ.എസ്.ഐ. വെങ്കിട്ട് റാവുവിന്റെ കീഴിലാണ് ഇവര്‍ സന്നിധാനത്ത് ജോലി ചെയ്യുന്നത്. ആന്ധ്രയിലെ ഏഴ് ജില്ലകളില്‍ നിന്നുള്ള പോലീസുകാരാണ് ഇവരോടൊപ്പമുള്ളത്.
എ.എസ്.ഐ. ശ്രീധരസ്വാമിയുടെ നേതൃത്വത്തില്‍ 33 അംഗങ്ങളാണ് കര്‍ണാടകത്തില്‍ നിന്ന് സന്നിധാനത്തെത്തിയിരിക്കുന്ന പോലീസ് സംഘത്തിലുള്ളത്. ഇവര്‍ ഇരുപത്തിയഞ്ച് ദിവസം ഡ്യൂട്ടിയിലുണ്ടാകും. വെള്ളപ്പൊക്കം കാരണം ചെന്നൈയില്‍ നിന്ന് ഇക്കുറി കൂടുതല്‍ പോലീസിനെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
വി.ഐ.പി.കള്‍ ഉള്‍പ്പെടെ സ്കാനറിലൂടെ മാത്രമേ കയറ്റിവിടൂ. കക്കാടി മരച്ചുവടി, ക്ഷേത്രത്തിന്റെ പ്രധാന കവാടം, പതിനെട്ടാംപടിക്ക് ഇരുവശത്തുമുള്ള ഉയര്‍ന്ന നിരീക്ഷണ ടവറുകള്‍, മാളികപ്പുറം, വലിയനടപ്പന്തല്‍, പാണ്ടിത്താവളം എന്നിവിടങ്ങളിലെല്ലാം സായുധ ഉദ്യോഗസ്ഥരെ വിന്യസിച്ചുകഴിഞ്ഞു.ശരംകുത്തി, മരക്കൂട്ടം, പുല്‍മേട് എന്നിവിടങ്ങളില്‍കൂടി സന്നിധാനത്തേക്ക് വരുന്ന എല്ലാ ഭക്തരെയും നിരീക്ഷിക്കാന്‍ സംവിധാനങ്ങളായി. ആവശ്യമെങ്കില്‍ ഇരുമുടിക്കെട്ടടക്കം പരിശോധിക്കും. ഇരുമുടിക്കെട്ടല്ലാതെ മറ്റൊരു ലഗേജുകളും പതിനെട്ടാംപടിക്ക് മുകളിലേക്ക് കയറ്റില്ല.
സോപാനത്തിലോ പരിസരത്തോ വെച്ച് ഇരുമുടിക്കെട്ട് തുറക്കാന്‍ അനുവദിക്കില്ല. മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ തിരുമുറ്റത്തേക്ക് കടത്തിവിടില്ല.പ്രധാന വഴികളിലെല്ലാം സ്കാനറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഡിസംബര്‍ 5ന് ഹരിവരാസനത്തിനു ശേഷം രാത്രി 11ന് നട അടച്ചുകഴിഞ്ഞാല്‍ പതിനെട്ടാംപടി കയറാന്‍ ആരെയും അനുവദിക്കില്ല. പിന്നീട് 6ന് രാവിലെ നട തുറന്നതിനുശേഷം മാത്രമേ ഭക്തരെ കയറ്റിവിടൂ.
.
Discussion about this post