പാരിസ്: പാരിസ് ആക്രമണത്തിലെ രണ്ട് പേരെ കൂടി പോലീസ് തിരയുന്നു. തീവ്രവാദി സലാം അബ്ദുല്‍ സലാമിന്റെ സഹായികളുടെ ഫോട്ടോ ബെല്‍ജിയം പൊലീസ് പുറത്തുവിട്ടു. സുഫിയാന് ഖയാല്‍, സമിര്‍ ബാസിദ് എന്നീ വ്യാജപേരുകളില്‍ ഐ.ഡി കാര്‍ഡെടുത്ത രണ്ടുപേരുടെ ഫോട്ടോയാണ് പൊലീസ് പുറത്തുവിട്ടത്.
കഴിഞ്ഞ സെപ്റ്റംബറില്‍ അബ്ദുല്‍ സലാമിനെ ഹംഗറിയിലെത്തിക്കാന് സഹായിച്ചത് ഇവര്‍ രണ്ടുപേരുമാണെന്നാണ് പൊലീസ് നിഗമനം. വ്യാജപേരുകളില്‍ അറിയപ്പെടുന്ന ഇരുവരും അത്യന്തം അപകടകാരികളും ആയുധധാരികളുമാണെന്നാണ് പൊലീസ് ഭാഷ്യം.
സൂഫിയാന് ഖയാലിന്റെ വാടകവീട് നവംബറില്‍ തന്നെ പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അബദുല്‍ ഹമീദ് അബൗദിന്റെ ബന്ധുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തത് സമിര്‍ ബാസിദ് ആണ്. അബൗദും ബന്ധുവും പിന്നീട് സെന്റ് ഡെനിസില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തില്‍ അബ്ദുല്‍ സലാമിന്റെ പങ്ക് എന്തായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തതയില്ലെങ്കിലും സ്റ്റാഡെ ഡി ഫ്രാന്‍സ് സ്റ്റേഡിയത്തിലേക്ക് ചാവേറുകളെ അയച്ചത് അബ്ദുല്‍ സലാമാണെന്ന് കരുതപ്പെടുന്നു. പാരിസിലെ റെസണ്സ് പെട്രോള്‍ പമ്പിനരികില്‍ അബ്ദുസലമിനെ എത്തിച്ച ഡ്രൈവര്‍ മുഹമ്മദ് അബ്രിനി(29)ക്ക് വേണ്ടി ബെല്‍ജിയം പൊലീസ് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
നവംബര്‍ 14നാണ് പാരിസിലെ ആറിടത്ത് ഐ.എസ് നടത്തിയ ആക്രമണത്തില്‍ 129 പേര് കൊല്ലപ്പെട്ടത്. ഗുരുതര നിലയിലുള്ള 99 പേരടക്കം 352 പേര്‍ക്ക് പരിക്കേറ്റു.
Discussion about this post