ബംഗളൂരു/ തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ മറ്റെന്നാൾ നടക്കും. പുതുപ്പളളി പള്ളിയിൽവച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാകും ഭൗതിക ദേഹം സംസ്‌കരിക്കുന്നത്. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
നിലവിൽ മുൻ മന്ത്രി ടി. ജോണിന്റെ ബംഗളൂരുവിലെ വസതിയിലാണ് മൃതദേഹം. ഇവിടുത്തെ പൊതുദർശനത്തിന് ശേഷം മൃതദേഹം പ്രത്യേക വിമാനത്തിൽ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. കഴിഞ്ഞ ഏതാനും നാളുകളായി അദ്ദേഹം ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്കായി ഉമ്മൻ ചാണ്ടി ജോണിന്റെ വീട്ടിലാണ് താമസം. കേരളത്തിൽ എത്തിക്കുന്ന ഭൗതികദേഹം തിരുവനന്തപുരത്തും, കോട്ടയത്തും വിവിധ സ്ഥലങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും.
വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തെ വസതിയിലേക്ക് ആകും നേരെ കൊണ്ടുപോകുക. ഇവിടുത്തെ പൊതുദർശനത്തിന് ശേഷം സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുപോകും. ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം അദ്ദേഹം പതിവായി പോകാറുണ്ടായിരുന്ന ദേവാലയമായ സെന്റ് ജോർജ് കത്രീഡലിൽ പൊതുദർശനത്തിന് വയ്ക്കും. ഇവിടുത്തേതിന് ശേഷം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ എത്തിയ്ക്കും. ഇവിടെ ഭൗതിക ദേഹത്തിൽ എല്ലാവർക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകും. രാത്രി പുതുപ്പള്ളിയിലേക്ക് തന്നെ ഭൗതികദേഹം കൊണ്ടുപോകും.
നാളെ രാവിലെ പൊതുദർശനത്തിനായി ഭൗതികദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വയ്ക്കുന്ന ഭൗതികദേഹം രാത്രിയോടെ തിരികെ പുതുപ്പള്ളിയിലേക്ക് തന്നെ കൊണ്ടുവരും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പുതുപ്പളളി പള്ളിയിൽവച്ച് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.
Discussion about this post