തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ ഭീഷണി വർദ്ധിപ്പിച്ച് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത. നിലവിൽ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരപ്രദേശത്തിന് മുകളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ഇതേ തുടർന്ന് സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചൂഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ജൂലായ് 18 മുതൽ 22 വരെ കേരളത്തിൽ വ്യാപകമായി മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്.
20072023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
21-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
22-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Discussion about this post