ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനായി എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം സോണിയ സഞ്ചരിച്ചിരുന്ന വിമാനം അടിയന്തിരമായി താഴെയിറക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആയിരുന്നു പ്രധാനമന്ത്രി ആരാഞ്ഞത്.
സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്‌സഭാ ചേംബറിൽവച്ചായിരുന്നു പ്രധാനമന്ത്രി സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. സോണിയ ഗാന്ധിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.
സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു സോണിയ സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കിയത്. സോണിയയ്‌ക്കൊപ്പം രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു. ബംഗളൂരുവിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം ഡൽഹിയിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇതിനിടെയായിരുന്നു വിമാനം അടിയന്തിരമായി താഴെയിറക്കിയത്. വഴിമദ്ധ്യേ മോശം കാലാവസ്ഥ അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഭോപ്പാലിലായിരുന്നു വിമാനം ഇറക്കിയത്.








