കോഴിക്കോട് : ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ ഐക്യ യോഗത്തിൽ കോൺഗ്രസും സിപിഎമ്മും കൈകോർത്തതിനെ വിമർശിച്ച് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് രംഗത്ത്. പ്രതിപക്ഷ പാർട്ടികളുടെ യോഗം കേരളത്തിൽ വച്ച് നടത്താൻ സിപിഎമ്മിനെയും കോൺഗ്രസിനെയും വെല്ലുവിളിക്കുകയാണ് പി കെ കൃഷ്ണദാസ്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും സിപിഎമ്മിനും ഒരുമിച്ച് മത്സരിക്കാമോ എന്നും പി കെ കൃഷ്ണദാസ് ചോദിച്ചു.
റെയിൽവേ പാസഞ്ചർ അമിനിറ്റി ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നും കാലാവധി പൂർത്തിയാക്കിയ പി കെ കൃഷ്ണദാസ് കോഴിക്കോട് വച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് പ്രതിപക്ഷ ഐക്യത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ മൂന്നാം സമ്മേളനം ബോംബെയിൽ വെച്ച് നടക്കും എന്ന് പറയപ്പെടുന്നുണ്ട്. അതിനു മുൻപായി കേരളത്തിൽ വച്ച് ഈ പാർട്ടികളുടെ ഒരു സംയുക്ത സമ്മേളനം നടത്താൻ കോൺഗ്രസും സിപിഎമ്മും തയ്യാറുണ്ടോ എന്നാണ് പി കെ കൃഷ്ണദാസ് ചോദിച്ചത്. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി ഐക്യത്തോടെ നിൽക്കുമെന്ന് ബംഗളൂരു യോഗത്തിൽ പ്രസ്താവിച്ചവർ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലും ഒന്നിച്ചു നിന്ന് ബിജെപിക്കെതിരെ ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്തണമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിന് ഒരു വന്ദേഭാരത് എക്സ്പ്രസ് കൂടി അനുവദിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഈ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചു എന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. പാസഞ്ചർ അമിനിറ്റി ബോർഡ് ചെയർമാൻ ആയിരിക്കെ യാത്രക്കാരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന് മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അവയിൽ ചിലതെല്ലാം
ഇന്ത്യൻ റെയിൽവേയിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പി കെ കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Discussion about this post