ന്യൂഡൽഹി : ഇന്ത്യയിൽ 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാനും എല്ലാ സർക്കാർ, എയ്ഡഡ് , റസിഡൻഷ്യൽ സ്‌കൂളുകളിലും സ്ത്രീകൾക്ക് പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സാമൂഹ്യ പ്രവർത്തകയായ ജയ താക്കൂർ ആണ് ഈ ഹർജി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചായിരിക്കും ഈ ഹർജി പരിഗണിക്കുന്നത്.
ഈ വിഷയം പ്രാധാന്യമർഹിക്കുന്നതാണെന്ന് നേരത്തെ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ആർത്തവ ശുചിത്വം പരിപാലിക്കുന്നതിന് ദേശീയ മാതൃക അനുസരിച്ച് എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമമുണ്ടാക്കേണ്ടതുണ്ട് എന്നായിരുന്നു ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ അഭിപ്രായം. സ്കൂളുകളിലെ ആർത്തവ ശുചിത്വം സംബന്ധിച്ച് ഒരു ഏകീകൃത ദേശീയ നയം കേന്ദ്രസർക്കാരിന് തയ്യാറാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഇങ്ങനെ ഒരു ദേശീയ നയം രൂപീകരിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ട നോഡൽ ഓഫീസറായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സെക്രട്ടറിയെ സുപ്രീംകോടതി നിയമിച്ചിരുന്നു. നിലവിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ജൽ ശക്തി മന്ത്രാലയം എന്നിവ ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ സുപ്രീം കോടതി വ്യക്തമാക്കി.








