മുൻ ഇന്ത്യൻ എയർഫോഴ്സ് മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ ഏതാനും ദിവസങ്ങൾക്കു മുൻപ് നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇപ്പോൾ പ്രതിരോധ മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. ഗാൽവാൻ മേഖലയിലെ ആദ്യ ഏറ്റുമുട്ടലിനു ശേഷം ഇന്ത്യ ഈ മേഖലയിൽ വിന്യസിച്ച നാല് യുദ്ധവിമാനങ്ങളോട് ഏറ്റുമുട്ടാനായി ചൈനയ്ക്ക് 20 J20 യുദ്ധവിമാനങ്ങൾ വിന്യസിക്കേണ്ടിവന്നു എന്നായിരുന്നു ബദൗരിയ വെളിപ്പെടുത്തിയത്. റഫാലിനേക്കാൾ മികച്ചതാണെന്ന് ചൈന അവകാശപ്പെടുന്ന ചൈനീസ് നിർമ്മിത J20 യുദ്ധവിമാനങ്ങൾക്ക് യഥാർത്ഥത്തിൽ റഫാലിനെ നേരിടാനുള്ള ശേഷിയുണ്ടോ എന്ന് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പോലും ചർച്ചയാവുകയാണ്.
ഇന്ത്യയുടെ പ്രതിരോധ രംഗത്തെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്നവർക്ക് വലിയൊരു പ്രഹരം നൽകി കൊണ്ടാണ് റഫാൽ യുദ്ധവിമാനം ഇന്ത്യയിലേക്ക് എത്തിയത്. 2020 ലാണ് ഫ്രഞ്ച് കമ്പനിയായ ദസോൾട്ടിൽ നിന്നും പ്രത്യേകം നിർമ്മിച്ച 5 റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. 2024 എത്തുമ്പോൾ ഇന്ത്യയുടെ കൈവശം 36 റഫാൽ യുദ്ധവിമാനങ്ങൾ ആണ് ഉള്ളത്. ഗൽവാൻ ഏറ്റുമുട്ടലിനു ശേഷം ചൈന ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാത്തതിന്റെ പ്രധാന കാരണവും ഇന്ത്യയുടെ കയ്യിലുള്ള ഈ റഫാൽ യുദ്ധവിമാനങ്ങളാണ്.
ഇന്ത്യയുടെ കൈവശമുള്ള റഫാലിനോട് ഏറ്റുമുട്ടാനായി ചൈനയുടെ കയ്യിലുള്ളത് ചൈനയുടെ തന്നെ സ്വന്തം ഉൽപന്നമായ ചെങ്ഡു j20 യുദ്ധവിമാനങ്ങൾ ആണ്. റഫാലിനെ തോൽപ്പിക്കാൻ കഴിയുന്ന അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ ആണെന്ന് ചൈന പലപ്പോഴും വീരവാദം മുഴക്കുന്നുണ്ടെങ്കിലും പല പരീക്ഷണങ്ങളിലും 4.5 തലമുറയിൽ പെട്ട റഫാലിനോട് j20 കീഴടങ്ങിയിട്ടുണ്ട്. പല അന്താരാഷ്ട്ര മാധ്യമങ്ങളുടെയും റിപ്പോർട്ടുകൾ അനുസരിച്ച് ചെങ്ഡു j20യ്ക്ക് നാലാം തലമുറ യുദ്ധവിമാനങ്ങളുടെ കരുത്ത് മാത്രമേ ഇതുവരെ കാണിക്കാൻ സാധിച്ചിട്ടുള്ളൂ. സ്റ്റെൽത്ത് മാനദണ്ഡങ്ങൾ അനുസരിച്ച് j20 യുദ്ധവിമാനങ്ങളെ നാലാം തലമുറയായി തരംതാഴ്ത്തണം എന്ന് പോലും പല രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. മെയ്ഡ് ഇൻ ചൈന എന്ന അപഖ്യാതി ആദ്യമേ തന്നെ പിടികൂടപ്പെട്ട j20 വിമാനങ്ങൾ വാങ്ങാൻ ചൈനയുടെ ഉറ്റ സുഹൃത്തായ പാകിസ്താൻ പോലും താൽപര്യം കാണിക്കുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
ഇന്ത്യയുടെ റഫാൽ യുദ്ധവിമാനങ്ങൾ ആണോ ചൈനയുടെ j20 യുദ്ധവിമാനങ്ങൾ ആണോ മികച്ചത് എന്നുള്ളത് പലപ്പോഴും ചർച്ചയാകുന്ന ഒരു വിഷയമാണ്. എയ്റോഡൈനാമിക്സ് സ്വഭാവ സവിശേഷതകൾ മുതൽ ഏവിയോണിക്സ് വരെയുള്ള വിഷയങ്ങളിൽ ഈ രണ്ടു യുദ്ധവിമാനങ്ങളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുള്ളത് നോക്കാം,
ഏവിയോണിക്സ് സവിശേഷതകൾ നോക്കിയാൽ ഇന്ത്യയുടെ കൈവശമുള്ള റഫാൽ യുദ്ധവിമാനങ്ങൾ സ്‌പെക്ട്ര എന്ന ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ജെറ്റിനെ വായുവിൽ നിന്നും കരയിൽ നിന്നും സംരക്ഷിക്കുന്നു. ജാമിംഗ്, ഡീകോയിംഗ്, ഭീഷണികളെ കണ്ടെത്തൽ, ഭീഷണികൾ വിശകലനം ചെയ്യൽ എന്നിവയ്ക്കുള്ള സൗകര്യങ്ങളും റഫാൽ യുദ്ധവിമാനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ രീതിയിലുള്ള റഫാൽ യുദ്ധവിമാനങ്ങളിൽ നിന്നും 30% ത്തോളം അധികം ചിലവ് ചെയ്താണ് ഇന്ത്യ ഈ പ്രത്യേക സജ്ജീകരണങ്ങൾ നടത്തിയിട്ടുള്ളത്. ഏറ്റവും നൂതനമായ റഡാർ സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ആക്ടീവ് ഇലക്‌ട്രോണിക് സ്‌കാൻഡ് അറേ (എഇഎസ്എ) റഡാർ സംവിധാനമാണ് റഫാൽ യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്നത്. ചൈനയുടെ j20 യുദ്ധവിമാനത്തിലും ഇതേ റഡാർ സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നതെന്നാണ് ചൈന അവകാശപ്പെടുന്നത്.
റഫാൽ ജെറ്റിന് 5.34 മീറ്റർ ഉയരവും 10.8 മീറ്റർ വീതിയും 15.27 മീറ്റർ നീളവുമാണ് ഉള്ളത്. J20 ജെറ്റിന് 4.45 മീറ്റർ ഉയരവും 13.5 മീറ്റർ വീതിയും 20.4 മീറ്റർ നീളവും ആണുള്ളത്.
J20 യുടെ ഭാരം 19.4 ടണ്ണും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഭാരം 36 ടണ്ണുമാണ്. അതേസമയം, റഫാലിന് 10.3 ടൺ ഭാരവും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഭാരം 24.5 ടണ്ണുമാണ്. റഫാലിനെ അപേക്ഷിച്ച് വലുപ്പം കൂടുതലാണ് എന്നുള്ളത് യഥാർത്ഥത്തിൽ j20 യ്ക്കുള്ള ന്യൂനത ആയാണ് കണക്കാക്കപ്പെടുന്നത്. ഹിമാലയൻ പർവതനിരകൾ പോലെയുള്ള പ്രദേശങ്ങളിൽ ഈ വലിപ്പ കൂടുതൽ പലപ്പോഴും j20 യുദ്ധവിമാനങ്ങൾക്ക് വെല്ലുവിളിയായി മാറുന്ന സാഹചര്യമാണ് ഉള്ളത്.
എയറോഡൈനാമിക് കഴിവുകളിൽ റഫാലിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 2,130 കിലോമീറ്ററാണ്. സർവീസ് പരിധി 15,235 മീറ്ററും റേഞ്ച് 3,700 കിലോമീറ്ററുമാണ്. അതേസമയം J20 യുടെ പരമാവധി വേഗത മണിക്കൂറിൽ 2,223 കിലോമീറ്ററാണ്. സേവന പരിധി 20,000 മീറ്റർ ആണെന്ന് പറയപ്പെടുന്നു. J20 യുടെ റേഞ്ചിനെ പറ്റി ചൈന കൃത്യമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല.
രണ്ട് യുദ്ധവിമാനങ്ങൾക്കും സമാനമായ ചില സവിശേഷതകളും ഉണ്ട്. എയർ-ടു-എയർ കോംബാറ്റ്, എയർ-ടു-ഗ്രൗണ്ട് കോംബാറ്റ്, ഇൻ-ഡെപ്ത്ത് സ്ട്രൈക്ക് കോംബാറ്റ്, ആൻ്റ് ഷിപ്പ് കോംബാറ്റ് മിഷൻ, ന്യൂക്ലിയർ ദൗത്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ദൗത്യങ്ങൾ ഏറ്റെടുക്കാൻ റഫാലിനും j20 യ്ക്കും ഒരുപോലെ കഴിയുന്നതാണ്.
ഇറാഖ്, ലിബിയ, മാലി, അഫ്ഗാനിസ്ഥാൻ, സിറിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് തുടങ്ങിയ പ്രദേശങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള യുദ്ധവിമാനമാണ് റഫാൽ. എന്നാൽ J20 ഇതുവരെ യുദ്ധം ചെയ്യാനോ ഏതെങ്കിലും ദൗത്യം നടത്താനോ ഉള്ള കഴിവ് പ്രകടിപ്പിക്കുന്ന തരത്തിലുള്ള യുദ്ധ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ ഏർപ്പെട്ടിട്ടില്ല എന്നുള്ളതിനാൽ ചൈന തങ്ങളുടെ യുദ്ധവിമാനത്തെ കുറിച്ച് വെളിപ്പെടുത്തുന്ന വിവരങ്ങൾ എത്രത്തോളം വാസ്തവമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ j20 യുദ്ധവിമാനങ്ങൾ ഒന്നും തന്നെ വിൽപ്പന നടന്നിട്ടില്ല എന്നുള്ളതും ചൈനയുടെ അവകാശവാദങ്ങൾക്ക് നേരെ ഉയരുന്ന ചോദ്യമാണ്. ഈ സാഹചര്യത്തിലാണ് 36 റഫാൽ യുദ്ധവിമാനങ്ങൾ കൈവശമുള്ള ഇന്ത്യ ചൈനയ്ക്ക് മുൻപിൽ തങ്ങളുടെ കരുത്ത് തെളിയിക്കുന്നത്.
Discussion about this post