ബെയ്ജിങ് : സമൂഹമാദ്ധ്യമങ്ങളിൽ ചൈനീസ് കിം കർദാഷിയാൻ എന്നറിയപ്പെട്ടിരുന്ന വാങ് ഹോങ്ക്വൻസിങിന് സമൂഹമാദ്ധ്യമ വിലക്ക് ഏർപ്പെടുത്തി ചൈന. ആഡംബര ജീവിതശൈലി പ്രദർശിപ്പിച്ചതിന്റെ പേരിലാണ് വാങ് ഹോങ്ക്വൻസിങിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി അറിയപ്പെടുന്ന വാങിന് ടിക്ടോകിന്റെ ചൈനീസ് പതിപ്പായ ഡൗയിനിൽ 4.4 മില്യൺ ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ താൻ 7 ആഡംബര സ്വത്തുക്കൾ സ്വന്തമാക്കിയതിനെ കുറിച്ച് വാങ് ഹോങ്ക്വൻസിങ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ 1.4 മില്യൺ ഡോളറിൽ താഴെ വിലയുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ ധരിക്കാതെ താൻ ഒരിക്കലും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടില്ലെന്നും വാങ് സമൂഹമാദ്ധ്യമങ്ങളിൽ കൂടി വെളിപ്പെടുത്തിയതാണ് തിരിച്ചടിയായിരിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ ആഡംബര ജീവിതശൈലി പ്രദർശിപ്പിക്കുന്നവരെയും സാമൂഹിക മൂല്യങ്ങളെ പിന്തുണയ്ക്കാത്തവരെയും വിലക്കുന്ന നടപടി ചൈന നേരത്തെയും സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആഡംബര ജീവിതം പ്രദർശിപ്പിക്കുന്നവരെ കണ്ടെത്താനും വിലക്കാനുമായി ഒരു പ്രത്യേക ക്യാമ്പയിൻ തന്നെ ചൈനീസ് സർക്കാർ നടത്തിയിരുന്നു. സമൂഹമാദ്ധ്യമ താരങ്ങൾക്കായി ചില പ്രത്യേക പെരുമാറ്റച്ചട്ടങ്ങളും ചൈന പുറത്തിറക്കിയിട്ടുണ്ട്.
Discussion about this post