മുംബൈ: ടിപ്പു സുൽത്താന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമയിൽ നിന്ന് പിൻമാറി നിർമ്മാതാവ് സന്ദീപ് സിംഗ്. മാസങ്ങളായി തനിക്കും തന്റെ കുടുംബത്തിനും നേരെ ഉയരുന്ന വധഭീഷണി കണക്കിലെടുത്താണ് ഈ പിന്മാറ്റം. തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ചിലർ നിരന്തരം അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി നിർമ്മാതാവ് ആരോപിച്ചു.
ടിപ്പുവിനെക്കുറിച്ച് സിനിമ എടുക്കുന്നില്ല. തന്നെയും ന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് സഹോദരൻമാരും സഹോദരിമാരും മാറി നിൽക്കണം. ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ആത്മാർഥമായി മാപ്പ് പറയുന്നു. അത് തന്റെ ഉദ്ദേശമേ അല്ലായിരുന്നു. എല്ലാ ഇന്ത്യക്കാരെപ്പോലെയും എല്ലാ മതവിശ്വാസങ്ങളെയും താൻ ബഹുമാനിക്കുന്നു. എല്ലാകാലത്തും ഒന്നിച്ചുനിൽക്കാമെന്നും പരസ്പരബഹുമാനം പുലർത്താമെന്നും സന്ദീപ് സിംഗ് കുറിച്ചു.
ടിപ്പുവിന്റെ യഥാർത്ഥ മുഖം പുറത്ത് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് മാസങ്ങൾക്ക് മുൻപാണ് സന്ദീപ് സിംഗ് തന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ടിപ്പുവിന്റെ മുഖത്ത് കരിതേച്ച് നിലയിലായിരുന്നു പോസ്റ്റർ. ‘മതഭ്രാന്തനായ സുൽത്താന്റെ കഥ’ എന്ന ടാഗിലാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അവതരിപ്പിച്ചത്. പവൻ ശർമയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.








