ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ അനധികൃത സ്വത്ത് പൊളിച്ച് നീക്കി ഭരണകൂടം. അക്തർ അലിയെന്ന 35 കാരന്റെ വസതിയാണ് മദ്ധ്യപ്രദേശിലെ റെയ്‌സെൻ ഭരണകൂടം തകർത്തത്.റെയ്സൻ ജില്ലയിലെ ദേവനഗർ ഗ്രാമത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിലാണ് കെട്ടിടം പൊളിച്ച് നീക്കിയത്.
ജൂലൈ 17ന് വീട്ടിൽ തനിച്ചായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 35 വയസ്സുള്ള പ്രതി പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട് . പെൺകുട്ടി നൽകിയ പരാതി പ്രകാരം പിതാവ് ഫാമിലേക്ക് പോയപ്പോൾ പ്രതി വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി സഹായത്തിനായി കരയുന്നത് കണ്ട് അയൽവാസികൾ ഓടിക്കൂടിയെങ്കിലും പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അക്തർ അലിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 എബി, 376 എൻ, 506 പ്രകാരവും 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമ പ്രകാരവും കേസെടുത്തു.








