ന്യൂഡൽഹി : ജി20 അദ്ധ്യക്ഷ സ്ഥാനത്തോടനുബന്ധിച്ച് രണ്ട് സ്മാരക നാണയങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ജൂലൈ 24 ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനമനുസരിച്ച് 100 രൂപയുടെയും 75 രൂപയുടെയും സ്മാരക നാണയങ്ങൾ ആണ് സർക്കാർ പുറത്തിറക്കുക. 100 രൂപ നാണയത്തിന്റെ മധ്യഭാഗത്ത് അശോകസ്തംഭത്തിന്റെ സിംഹ രൂപവും മറുവശത്ത് ദേവനാഗരിയിൽ സത്യമേവ ജയതേ വചനവും ഉണ്ടായിരിക്കും.
ഇടതുവശത്ത് ദേവനാഗരി ലിപിയിൽ ഭാരത് എന്നും വലതുവശത്ത് ഇംഗ്ലീഷിൽ ഇന്ത്യ എന്നും ഈ നാണയങ്ങളിൽ രേഖപ്പെടുത്തും. നാണയത്തിന്റെ മറുവശത്ത് മധ്യഭാഗത്തായി ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയുടെ ലോഗോ രൂപകൽപനയും നാണയത്തിന്റെ മുകൾഭാഗത്ത് ദേവനാഗരി ലിപിയിൽ വസുദൈവ കുടുംബകം എന്നും നാണയത്തിന്റെ താഴെ ചുറ്റളവിലായി ഇംഗ്ലീഷിൽ വൺ എർത്ത്, വൺ ഫാമിലി, വൺ ഫ്യൂച്ചർ എന്നും രേഖപ്പെടുത്തുന്നതാണ്.
75 രൂപ നാണയവും ഇതേ രീതിയിൽ തന്നെയായിരിക്കും രൂപകൽപ്പന ചെയ്യുന്നത്. രണ്ട് നാണയങ്ങളും 35 ഗ്രാം വീതം ഭാരവും 44 മില്ലിമീറ്റർ വ്യാസവും ഉള്ളതായിരിക്കും. വിശേഷ സന്ദർഭങ്ങൾ അടയാളപ്പെടുത്തുന്നതിനായാണ് സർക്കാരുകൾ സാധാരണയായി സ്മാരക നാണയങ്ങൾ പുറത്തിറക്കുന്നത്. ഇന്ത്യയുടെ അദ്ധ്യക്ഷതയിലുള്ള ലോകനേതാക്കളുടെ ജി20 ഉച്ചകോടി സെപ്റ്റംബർ 9, 10 തീയതികളിലാണ് നടക്കുക.
Discussion about this post