മലപ്പുറം : കേരള സർക്കാരിന്റെ മൺസൂൺ ബംബർ ഭാഗ്യക്കുറിയുടെ ഫലപ്രഖ്യാപനം ബുധനാഴ്ച ആയിരുന്നു നടന്നത് . മൺസൂൺ ബംബർ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് മലപ്പുറം പരപ്പനങ്ങാടിയിലെ 11 ഹരിത കർമ്മ സേനാംഗങ്ങൾ ഒന്നിച്ചെടുത്ത ടിക്കറ്റിന്. ഒരുമാസം മുമ്പാണ് ഇവർ മൺസൂൺ ബംബർ ടിക്കറ്റ് എടുത്തത്.
250 രൂപയായിരുന്നു ഇത്തവണത്തെ കേരള സർക്കാരിന്റെ മൺസൂൺ ബംബർ ഭാഗ്യക്കുറിയുടെ വില. പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ്മസേനയിലെ 11 അംഗങ്ങൾ ചേർന്ന് എടുത്ത ടിക്കറ്റിനെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്. ഇവരിൽ 9 പേർ 25 രൂപ വെച്ചും മറ്റു രണ്ടുപേർ ചേർന്ന് 25 രൂപയും എടുത്താണ് ഒരു മൺസൂൺ ബംബർ ഭാഗ്യക്കുറി എടുത്തിരുന്നത്.
ഹരിത കർമ്മസേന പതിവായി മാലിന്യ സംസ്കരണം നടത്തുന്ന സ്ഥലത്ത് ലോട്ടറി വില്പനയ്ക്ക് എത്തുന്ന ആളിൽ നിന്നുമാണ് ഇവർ മൺസൂൺ ബംബർ ഭാഗ്യക്കുറി എടുത്തിരുന്നത്. ഇന്ന് രാവിലെ ആയിരുന്നു തങ്ങൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന വിവരം ഹരിത കർമ്മസേന അംഗങ്ങൾ അറിയുന്നത്. തുടർന്ന് ടിക്കറ്റ് ഇവർ ബാങ്കിൽ സമർപ്പിച്ചു. ശുചീകരണ ജോലികൾ ചെയ്യുന്ന ഏറ്റവും സാധാരണക്കാരായ ഈ വീട്ടമ്മമാർക്ക് ഇത്തരത്തിൽ ഒരു വലിയ സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പരപ്പനങ്ങാടിയിലെ നഗരസഭ അധികൃതരും നാട്ടുകാരും.










Discussion about this post