കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി അബ്ദുൾ റഹൂഫിനെ പോലീസ് അറസ്റ്റ് ചെയ്തു. 188 ഗ്രാം 24 ക്യാരറ്റ് സ്വർണ്ണം ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ അബ്ദുൾ റഹൂഫിനെ പോലീസ് കൈയ്യോടെ പൊക്കി. സ്വർണം നേർത്ത പൊടിയാക്കിയ ശേഷം പായ്ക്ക് ചെയ്ത് അടിവസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഒരു മണിക്കൂറോളം നേരം ചോദ്യം ചെയ്തിട്ടും സ്വർണം കൈയ്യിലുണ്ടായിരുന്ന വിവരം ഇയാൾ പുറത്തുപറഞ്ഞില്ല. തുടർന്ന് പോലീസ് വസ്ത്രം അഴിച്ച് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ തുന്നലും അതിനുളളിൽ സ്വർണ പായ്ക്കറ്റും കണ്ടെത്തിയത്.












