കൊച്ചി: ആലുവയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന വാദത്തിൽ മാപ്പപേക്ഷയുമായി രേവത് ബാബു. തെറ്റ് പറ്റിയെന്നും വായിൽ നിന്ന് അറിയാതെ വന്ന് പോയ വാക്കാണ് വിവാദങ്ങൾക്ക് കാരണമായതെന്നും യുവാവ് പറഞ്ഞു. കുട്ടി ഹിന്ദിക്കാരിയായത് കൊണ്ട് പൂജാരിമാർ അന്ത്യകർമ്മം ചെയ്യാൻ തയ്യാറായില്ലെന്ന രേവതിന്റെ വാദം ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നിരവധി പേർ ഹിന്ദുമതത്തിനെതിരായ അധിക്ഷേപ പ്രചരണങ്ങൾക്കുള്ള ആയുധമായി ഇതിനെ മാറ്റിയിരുന്നു. വിവാദമായതോടെയാണ് സംഭവത്തിൽ വ്യക്തത വരുത്തി രേവത് രംഗത്തെത്തിയിരിക്കുന്നത്. എത്രയോ കാലങ്ങൾ പൂജ പഠിച്ച്,പൂജാരിയാവാൻ എത്രയോ ത്യാഗം ചെയ്ത് കൊണ്ടാണ് ഒരാൾ പൂജാരിയാവുന്നത്. ആ പൂജാരി സമൂഹത്തെ ഞാൻ അടച്ചാക്ഷേപിച്ചിട്ടാണ് ഇന്നലെ വായിൽ നിന്ന് വീണ് പോയ തെറ്റ് ഉണ്ടായത്. ഇതിൽ ക്ഷമ ചോദിക്കുകയാണെന്ന് രേവത് പറഞ്ഞു.
ഇന്നലെ നടത്തിയ പ്രതികരണം പൂജാരി സമുദായത്തോട് ചെയ്ത വലിയ തെറ്റാണെന്നും മാപ്പ് ചോദിക്കുകയാണെന്നും യുവാവ് പറഞ്ഞു. ഇന്നലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടം പോയി തൃശൂരിലേക്ക് പോകും വഴിയാണ് ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിൽ കയറിയത്. വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം കൊണ്ടുവന്നിട്ടില്ലെന്നും രാവിലയേ കൊണ്ടുവരികയുള്ളൂവെന്നും അറിഞ്ഞു. കുട്ടിയെ ഒരു നോക്ക് കാണാനായി കാത്തിരിക്കാൻ തീരുമാനിച്ചു. ഈ സമയം കുട്ടിയുടെ അച്ഛനാണ് തന്റെ മകളുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഒരു പൂജാരിയെ വേണമെന്ന് ആവശ്യപ്പെട്ടതെന്നാണ് രേവതിന്റെ വാദം.
പക്ഷേ ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്നവരല്ല അന്ത്യകർമ്മങ്ങൾ ചെയ്യുകയെന്ന് പറഞ്ഞപ്പോൾ കർമിയാവാൻ തയ്യാറായി വന്നതാണ്. പൂജാരി സമുദായത്തോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് യുവാവ് പറഞ്ഞു. നേരത്തെ അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാൽ എത്തിക്കാൻ വേണ്ടി നടപ്പ് സമരം നടത്തി ശ്രദ്ധേയനാകാൻ ശ്രമിച്ച ആളാണ് രേവത്. കലാഭവൻ മണി നൽകിയ ഓട്ടോ മണിയുടെ കുടുംബക്കാർ തിരിച്ചു വാങ്ങിയെന്ന് പറഞ്ഞ രേവത് പിന്നീട് അതും മാറ്റിപറഞ്ഞിരുന്നു.
സംഭവത്തിൽ ഇന്നലെ രാത്രി തന്നെ സ്ഥലം എംഎൽഎയായിരുന്ന അൻവർ സാദത്തും പ്രതികരിച്ചിരുന്നു. സംസ്‌കാര കർമ്മങ്ങൾ ചെയ്യാമെന്ന് പറഞ്ഞ് രേവത് ബാബു സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. മറ്റ് പൂജാരിമാരെ വിളിച്ചിരുന്നുവെന്നും ആരും വന്നില്ലെന്നും അയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞപ്പോഴാണ് താനും അറിഞ്ഞത് എന്നാണ് എംഎൽഎ പറയുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരാൾ നുണ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അൻവർ സാദത്ത് വിശദീകരിച്ചിരുന്നു.
Discussion about this post