ന്യൂഡൽഹി : രാജ്യത്തെ ജൻധൻ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2 ലക്ഷം കോടി കവിഞ്ഞെന്ന് കേന്ദ്രസർക്കാർ.
49.49 കോടി ജൻധൻ അക്കൗണ്ടുകളിലായി മൊത്തം നിക്ഷേപം 2 ലക്ഷം കോടി കടന്നതായി ലോക്സഭയിൽ ആണ് കേന്ദ്രസർക്കാർ അറിയിച്ചത്.
ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർക്ക് ബാങ്കിംഗ് സൗകര്യങ്ങൾ ലളിതമായി ഒരുക്കുക , ഏറ്റവും സാധാരണക്കാരായ ആളുകളിലേക്കും സർക്കാർ ധനസഹായം നേരിട്ട് എത്തിക്കുക എന്നീ മാർഗ്ഗനിർദ്ദേശ തത്വങ്ങളെ അടിസ്ഥാനമാക്കി ആണ് പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) ആരംഭിച്ചത്. എല്ലാ കുടുംബങ്ങൾക്കും സീറോ ബാലൻസ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിലൂടെ സാർവത്രിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യമായിരുന്നു കേന്ദ്രസർക്കാരിന് ഉണ്ടായിരുന്നത് . 2014 ഓഗസ്റ്റിൽ ആണ് ജൻ ധൻ യോജന പദ്ധതി ആരംഭിക്കുന്നത്.
ജൂലൈ 12 വരെയുള്ള കണക്കുകൾ അനുസരിച്ച് രാജ്യത്തെ 49.49 കോടി ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം 2,00,958 കോടി രൂപയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ആണ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. 2021-22, 2022-23 കാലയളവിലെ ഡിജിറ്റൽ ഇടപാടുകളിലെ വളർച്ച ചെക്കുകളുടെ വളർച്ചയെക്കാൾ വളരെ കൂടുതലാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ഭഗവത് കരാദ് വ്യക്തമാക്കി.








